വീട്ടിലിരുന്ന് വിശ്രമിക്കവെ യുവാവിന്റെ അക്കൗണ്ടില്‍ നിന്നും 220 രൂപ ടോള്‍ ഈടാക്കി പഞ്ചാബിലെ ടോൾ പ്ലാസ. ഒന്നുമറിയാതെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ട ഞെട്ടലിലാണ് യുവാവ്. പഞ്ചാബ് സ്വദേശിയായ സുന്ദര്‍ദീപ് സിങ്ങിനാണ് ടോളിലൂടെ യാത്ര ചെയ്യാതെ പണനഷ്ടം സംഭവിച്ചത്. ആ സമയം യാത്ര ചെയ്തില്ലെന്ന് മാത്രമല്ല ഒരുമാസമായി ഈ ടോള്‍പ്ലാസ വഴി യാത്ര ചെയ്തില്ലെന്നും ഫാസ്ടാഗ് അക്കൗണ്ടില്‍ 700ലേറെ രൂപ ബാലന്‍സ് ഉണ്ടെന്നും ഇയാള്‍ പറയുന്നു.
അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതിനു പിന്നാലെ സുന്ദര്‍ദീപ് സിങ് എക്സിലൂടെയാണ് കാര്യങ്ങള്‍ വിശദമാക്കി പോസ്റ്റിട്ടത്. പണം നഷ്ടപ്പെട്ട സ്ക്രീന്‍ഷോട്ട് സഹിതമാണ് പോസ്റ്റ്. ഇന്നലെ ഉച്ചക്ക് രണ്ടുമണിക്കാണ് ലദോവല്‍ ടോള്‍ പ്ലാസ സിങ്ങിന്റെ പണം പിന്‍വലിച്ചത്. 220 രൂപ തന്റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കപ്പെടുമ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയായിരുന്നുവെന്നും ഈ മാസം താന്‍ ആ റൂട്ടിലൂടെ യാത്ര ചെയ്തിട്ടില്ലെന്നും സുന്ദര്‍ പറയുന്നു.
സുന്ദര്‍സിങ്ങിന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഫാസ്റ്റ്‌ടാഗ് ബാങ്കിന്റെ കസ്റ്റമര്‍ വിങ്ങുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. അനധികൃതമായി പണം പിന്‍വലിച്ചെന്ന് തെളിഞ്ഞാല്‍ തിരികെ നല്‍കുമെന്നും ഫാസ്റ്റ്ടാഗ് വ്യക്തമാക്കുന്നു. ആറ് ലക്ഷത്തിലധികം ആളുകള്‍ ആണ് ഈ പോസ്റ്റ് കണ്ടത്. നിരവധി പേര്‍ തങ്ങള്‍ക്കുണ്ടായ സമാനാനുഭവം പങ്കുവച്ചിട്ടുണ്ട്. ഇത്തരത്തില്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുന്നത് പതിവാണെന്നും നടപടിയുണ്ടായേ തീരൂവെന്നും പലരും പറയുന്നു. നിസാരമായ തുകയാണെങ്കില്‍ കൂടി പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും സോഷ്യല്‍മീഡിയയില്‍ രോഷത്തോടെ ആളുകള്‍ പ്രതികരിക്കുകയാണ്.