TOPICS COVERED

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നാളെ ഡോക്ടര്‍മാരുടെ പണിമുടക്ക്. മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ , സ്വകാര്യ ആശുപത്രികളിലും ഒപി സേവനവും അടിയന്തര പ്രാധാന്യമില്ലാത്ത സര്‍ജറികളും സ്തംഭിക്കും. ആര്‍ സി സി യില്‍  ഒപി സേവനമുണ്ടാകില്ല.   സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്  വിദ്യാര്‍ഥികളുടെയും ജൂണിയര്‍ ഡോക്ടര്‍മാരുടെയും  24 മണിക്കൂര്‍ പണിമുടക്ക് തുടരുകയാണ്.

കൊല്‍ക്കത്തയിലെ ഡോക്ടറുടേയും ഉത്തരാഖണ്ഡിലെ നഴ്സിന്റേയും കൊലപാതകത്തില്‍ പ്രതിഷേധിച്ച് എം ബി ബി എസ് , പി ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും രാവിലെ ആറുമുതലാണ് പണിമുടക്ക് തുടങ്ങിയത്. ഒപി , വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്കരിച്ചതോടെ മെഡിക്കല്‍ , ഡെന്‍റല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റി. അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ മുടങ്ങി. ശ്രീചിത്ര, ആര്‍ സി സി തുടങ്ങിയ സ്ഥാപനങ്ങളേയും പണിമുടക്ക് ബാധിച്ചു.

നാളെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും. ഐഎംഎ ആഹ്വാനം ചെയ്ത ദേശീയ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് പണിമുടക്ക്. 

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആശുപത്രികളില്‍ ഒപി സേവനങ്ങള്‍ ഉണ്ടാകില്ല. അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളും നടത്തില്ല. 

ആര്‍ സി യിലും ഒപി ബഹിഷ്കരിക്കും. അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ നാളെ നടത്താനാകില്ലെന്ന് രോഗികളെ അറിയിച്ചു. മററന്നാള്‍ രാവിലെ ആറുവരെയാണ് സമരം. 

ENGLISH SUMMARY:

Doctors' strike tomorrow led by IMA to protest the killing of a doctor in Kolkata