നോയിഡയില്‍ ഏതാനും വര്‍ഷങ്ങളായി ഐ ക്ലിനിക് നടത്തുകയാണ് മുപ്പതുകാരിയായ ഡോക്ടര്‍ നേത്ര (യഥാര്‍ഥ പേരല്ല). ചികില്‍സയിലെ മികവുകൊണ്ട് ക്ലിനിക്കില്‍ എപ്പോഴും നല്ല തിരക്കുമാണ്. ഡോക്ടറെ സഹായിക്കാന്‍ നഴ്സുമാരടക്കം ജീവനക്കാരുമുണ്ട്. 2024 ഏപ്രില്‍ 5ന് പിയൂഷ് ദത്ത് കൗശിക് എന്നയാള്‍ ഭാര്യയ്ക്കൊപ്പം ക്ലിനിക്കിലെത്തി. പരിശോധിച്ചപ്പോള്‍ ഇടതുകണ്ണിനെ തീരെ കാഴ്ചയില്ല. ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഓപ്പറേഷന്‍ ചെയ്യാനുള്ള അനുമതിപത്രം ഒപ്പിട്ട് കൗശിക്കും ഭാര്യയും മടങ്ങി.
ഓപ്പറേഷന് മുന്‍പ് പലവിധ പരിശോധനകള്‍ ആവശ്യമുണ്ടായിരുന്നു. ആദ്യതവണ കൗശിക് സാധാരണരീതിയില്‍ പെരുമാറി. എന്നാല്‍ തുടര്‍പരിശോധനകള്‍ രോഗിയെക്കാള്‍ ഡോക്ടര്‍ക്ക് അസ്വസ്ഥതയുണ്ടാക്കാന്‍ തുടങ്ങി. ശസ്ത്രക്രിയയോട് അടുത്ത ഒരുദിവസം പരിശോധന നടത്തുമ്പോള്‍ കൗശിക് നിലവിട്ടു. ‘ഡോക്ടര്‍, നിങ്ങള്‍ സുന്ദരിയാണ്, വിവാഹം കഴിക്കാത്തത് നന്നായി. നിങ്ങള്‍ എന്നെ പരിശോധിക്കുമ്പോഴും തൊടുമ്പോഴുമൊക്കെ എന്‍റെ അസുഖം കുറയും.’ രോഗിയുടെ വാക്കുകള്‍ കേട്ട് ഡോക്ടറും നഴ്സും നടുങ്ങി.
കൗശിക്കിന്‍റെ വാക്കുകള്‍ കടുത്ത മാനസികസമ്മര്‍ദമുണ്ടാക്കിയെങ്കിലും അവഗണിക്കാന്‍ ഡോക്ടര്‍ തീരുമാനിച്ചു. ഒടുവില്‍ ശസ്ത്രക്രിയ നടന്നു. കൗശിക്കിന് 30–40 ശതമാനത്തോളം കാഴ്ച തിരികെ ലഭിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് കൗശിക് ഡോക്ടറെ ഫോണില്‍ വിളിക്കാന്‍ തുടങ്ങി. ചികില്‍സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കാനായിരിക്കുമെന്ന് കരുതി ഫോണ്‍ എടുത്ത ഡോക്ടറോട് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് ഇയാള്‍ ചോദിച്ചത്. രാത്രിയും കോളുകള്‍ വരാന്‍ തുടങ്ങിയതോടെ നേത്ര മാതാപിതാക്കളോട് കാര്യം പറഞ്ഞു. പൊലീസില്‍ പരാതി നല്‍കാന്‍ അവര്‍ ഉപദേശിച്ചു.
ക്ലിനിക്കിന്‍റെയും തന്‍റെയും അഭിമാനം മുറിപ്പെടുമെന്ന ആശങ്കയില്‍ ഡോക്ടര്‍ അപ്പോള്‍ പൊലീസിനെ സമീപിച്ചില്ല. പക്ഷേ കൗശിക്കിന്റെ ശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചു. തന്നോട് സംസാരിച്ചില്ലെങ്കില്‍ ക്ലിനിക്കും പ്രാക്ടീസും പൂട്ടിക്കുമെന്ന് അയാള്‍ ഡോക്ടറെ ഭീഷണിപ്പെടുത്തി. ക്ലിനിക്കിലെ ജീവനക്കാരുടെ മേലും സമ്മര്‍ദമുണ്ടായി. ഒടുവില്‍ നേത്ര കൗശിക്കിന്‍റെ ഭാര്യയോട് വിവരം പറഞ്ഞു. ഇതോടെ അയാളുടെ വൈരാഗ്യം ഇരട്ടിച്ചു. റസിഡന്‍റ്സ് അസോസിയേഷന്‍റെ വാട്സാപ് ഗ്രൂപ്പില്‍ വരെ ശല്യമായി.
ക്ലിനിക്കിലെത്തുന്ന രോഗികള്‍ പോലും നേത്രയോട് ചോദ്യങ്ങള്‍ ഉന്നയിച്ച് തുടങ്ങിയപ്പോഴാണ് അവര്‍ പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്. കൗശിക്കിന്‍റെ ശല്യം കാരണം ശസ്ത്രക്രിയകള്‍ പോലും മാറ്റിവയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടിവന്നുവെന്ന് ഡോക്ടര്‍ പരാതിയില്‍ പറയുന്നു. അഭിഭാഷകനായ കൗശിക്കിനെതിരെ ലൈംഗികാതിക്രമം ഭീഷണി തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് നോയിഡ പൊലീസ് അറിയിച്ചു.