nia-02

അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ അന്വേഷണം ഏറ്റെടുത്ത എൻഐഎ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു. ഇറാനില്‍ ഒളിവില്‍ കഴിയുന്ന എറണാകുളം സ്വദേശി മധു ഉള്‍പ്പെടെ നാല് പേരെ പ്രതിയാക്കിയാണ് കുറ്റപത്രം. റാക്കറ്റിന് രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെയും എന്‍ഐഎ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി. 

ജൂലൈ മൂന്നിനാണ് കേസിന്‍റെ അന്വേഷണം കൊച്ചി എന്‍ഐഎ യൂണിറ്റ് ഏറ്റെടുത്തത്. ഒരുമാസം പിന്നിട്ടതോടെയാണ്കൊച്ചി എന്‍ഐഎ കോടതിയില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. ഇറാനിലുള്ള റാക്കറ്റിലെ മുഖ്യകണ്ണി മധുവിനെയടക്കം പിടികൂടാനുണ്ടെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെയാണ് സ്വകാര്യ ആശുപത്രികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇരകളെ കണ്ടെത്തിയിരുന്നത് സ്വകാര്യ ആശുപത്രികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് എന്‍ഐഎയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന സൂചനയും എന്‍ഐഎ നല്‍കുന്നു. 

 

നെടുമ്പാശേരി പൊലീസിന്‍റെ നേതൃത്വത്തിലായിരുന്നു കേസില്‍ ആദ്യഘട്ട അന്വേഷണം. മെയ് 19 തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ നെടുമ്പാശേരി വിമാനതാവളത്തില്‍ പിടിയിലായതാണ് കേസില്‍ വഴിത്തിരിവായത്. ഇറാനില്‍ നിന്ന് കുവൈത്ത് വഴി നെടുമ്പാശേരിയിലെത്തിയ സബിത്തിനെ ഇന്‍റലിജന്‍സ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. 

മലയാളിയടക്കം ഇരുപതിലേറെ അവയവകച്ചവടത്തിനായി ഇറാനിലേക്ക് കടത്തിയെന്ന് സബിത്ത് മൊഴി നല്‍കി. അഞ്ച് ദിവസത്തിന് ശേഷം ജൂലൈ 24ന് റാക്കറ്റിലെ മറ്റൊരു കണ്ണി പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം റൂറല്‍ പൊലീസിന്‍റെ പിടിയിലായി. അവയവറാക്കറ്റുമായി നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടാണ് സജിത്തിലേക്ക് അന്വേഷണം എത്തിച്ചത്. ജൂണ്‍ ഒന്നിന് അവയവദാതാക്കളെ റിക്രൂട്ട് ചെയ്തിരുന്ന വിജയവാഡ സ്വദേശി ബെല്ലം ഗൊണ്ട രാമപ്രസാദിനെയും റൂറല്‍ പൊലീസ് ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തു. ദാതാക്കളെ ഓൺലൈൻ വഴി കണ്ടെത്തി അവയവ കച്ചവടത്തിനായി പ്രേരിപ്പിച്ചിരുന്നത് ഇയാളാണ്. 

ആറുമുതൽ ഏഴ് ലക്ഷംരൂപ വരെയാണ് വാഗ്ദാനം ചെയ്തിരുന്നത്. സംഘത്തിന്‍റെ കെണിയില്‍പ്പെട്ട് അവയവദാനം നടത്തിയ പാലക്കാട് സ്വദേശി ഷമീറിനെയും കണ്ടെത്തിയതോടെ റാക്കറ്റിന്‍റെ ചുരുളഴിഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കി റൂറല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്.

ENGLISH SUMMARY:

Human trafficking for organ trade nia submits chargesheet