പ്രതീകാത്മക ചിത്രം(AI)

ഭാര്യയുടെ ശല്യം സഹിക്കാന്‍ വയ്യാത്തതിനെ തുടര്‍ന്ന് നാടുവിട്ടോടി യുവാവ്. ബെംഗളൂരു സ്വദേശിയായ യുവാവാണ് ഭാര്യയുമായി പൊരുത്തപ്പെടാനാവാത്തതിനെ തുടര്‍ന്ന് നോയിഡയിലേക്ക് കടന്നുകളഞ്ഞത്. ഭര്‍ത്താവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ അന്വേഷിച്ചെത്തിയ പൊലീസ് യുവാവിനെ നോയിഡയിലെ ഷോപ്പിങ് മാളില്‍ നിന്ന് പൊലീസ് കണ്ടെത്തി. സിനിമ കണ്ടിറങ്ങി വരികയായിരുന്നു യുവാവ്. മഫ്തിയിലുള്ള പൊലീസാണെന്ന് മനസിലാക്കിയതോടെ യുവാവ് വിവരങ്ങള്‍ തുറന്നു പറഞ്ഞു. ബെംഗളൂരുവിലേക്ക് ഇനിയില്ലെന്നതിന് യുവാവ് പറഞ്ഞ കാരണം പൊലീസിനെ പൊല്ലാപ്പിലുമാക്കി. 

മൂന്ന് വര്‍ഷം മുന്‍പാണ് യുവാവും യുവതിയും കണ്ടുമുട്ടിയത്. യുവതിയുടെ രണ്ടാം വിവാഹമാണിതെന്നും ആദ്യ ബന്ധത്തില്‍ 12 വയസുള്ള മകളും ഇരുവരുടെയും ബന്ധത്തില്‍ എട്ടുമാസം പ്രായമുള്ള മകളുമുണ്ടെന്നും പൊലീസ് പറയുന്നു. ഭാര്യ തന്‍റെ സ്വാതന്ത്ര്യത്തില്‍ അനാവശ്യമായി കൈകടുത്തുകയാണെന്നും ഒരു വറ്റ് ചോറോ ചപ്പാത്തിയുടെ കഷ്ണമോ വരെ നിലത്ത് വീണാല്‍ ഒച്ചയിട്ട് അലറുമെന്നും സ്വന്തം ഇഷ്ടത്തിന് വസ്ത്രം ധരിക്കാനോ, തനിയെ ഒരു ചായ കുടിക്കാന്‍ പോവാനോ പോലും അനുവദിക്കില്ലെന്നും യുവാവ് പൊലീസിനോട് വെളിപ്പെടുത്തി. ഇതൊക്കെ കൊണ്ടാണ് താന്‍ നാടുവിട്ടതെന്നും  പിടിച്ച് ജയിലില്‍ കൊണ്ടുപോയി ഇട്ടോളൂ അവിടെ കഴിയാം എന്നാലും യുവതിക്കൊപ്പം ജീവിക്കാനായി ആ വീട്ടിലേക്കില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.  ഒടുവില്‍ മണിക്കൂറുകളെടുത്താണ് യുവാവിനെ പൊലീസ് അനുനയിപ്പിച്ച് ബെംഗളൂരുവിലെത്തിച്ചത്. 

ഓഗസ്റ്റ് നാല് മുതല്‍ ഭര്‍ത്താവിനെ കാണുന്നില്ലെന്ന് വ്യക്തമാക്കി വ്യാഴാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലും ഇക്കാര്യം പോസ്റ്റ് ചെയ്തതോടെ യുവാവ് നേരെ ബസില്‍ തിരുപ്പതിയിലെത്തി തല മൊട്ടയടിച്ചു. അവിടെ നിന്ന് ഭുവനേശ്വറിലേക്ക് ട്രെയിനിലെത്തി. അവിടെ നിന്നും ഡല്‍ഹിയിലേക്കും ഒടുവില്‍ നോയിഡയിലേക്കും എത്തുകയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ച  പൊലീസ് യുവാവിനെ സമാധാനിപ്പിച്ച് വീട്ടിലേക്ക് വിടുകയായിരുന്നു. 

ENGLISH SUMMARY:

Please put me in jail, I won't live with her, bengaluru man flees to Noida to escape from Wife's abuse