ഉത്തർപ്രദേശിലെ കാൺപൂരിന് സമീപം യാത്രാ ട്രെയിൻ അപകടത്തിൽപ്പെട്ടതിന് പിന്നിൽ അട്ടിമറിയെന്ന് സംശയം. വാരാണസിയിൽനിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോയ സബർമതി എക്സ്പ്രസ് ട്രെയിനിന്റെ എൻജിനാണ് ട്രാക്കിൽ കുറുകെ ഇട്ടിരുന്ന വസ്തുവിൽ തട്ടിയത്. പുലർച്ചെ രണ്ടരയോടെയുണ്ടായ അപകടത്തിൽ 22 ബോഗികൾ പാളം തെറ്റി.
യാത്രക്കാർക്കോ ജീവനക്കാർക്കോ പരുക്കില്ല. ഐബിയും യുപി പൊലീസും അന്വേഷണം തുടങ്ങിയതായി റയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തെളിവുശേഖരണമടക്കം പുരോഗമിക്കുന്നു. യാത്രക്കാരെ ബസുകളിലും പകരമൊരുക്കിയ ട്രെയിനിലുമായി അപകടസ്ഥലത്തുനിന്ന് മാറ്റി. അപകടത്തെ തുടർന്ന് ഏതാനും ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.