കൊല്‍ക്കത്തയില്‍ പീഡനത്തിന് ഇരയായ കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി ആവശ്യപ്പെട്ട് അമൃത്സറില്‍ നടന്ന പ്രതിഷേധം.

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജിലെ ഡോക്ടറുടെ ബലാൽസംഗ കൊലപാതകത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ഡൽഹിയിലെ റസിഡന്റ് ഡോക്ടർമാർ. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കായി ഉടൻ കേന്ദ്ര ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം സ്ഥിതിചെയ്യുന്ന നിർമാൺ ഭവന് മുൻപിൽ പ്രതിഷേധിക്കും. 36 വിഭാഗങ്ങളിലെ ഒപി സേവനങ്ങൾ മന്ത്രാലയത്തിന് മുന്നിൽവച്ച് നൽകുമെന്നും എയിംസിലെ റസിഡന്റ് ഡോക്ടർമാരുടെ സംഘടന അറിയിച്ചു. ഡോക്ടർമാർക്കായി സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പിലാക്കണം എന്നതടക്കം ആവശ്യങ്ങൾ സംഘടന മുന്നോട്ട് വയ്ക്കുന്നു.

അതേസമയം, സിബിഐ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലിനെ വീണ്ടും ചോദ്യംചെയ്യും. മൂന്ന് ദിവമായി 30 മണിക്കൂറാണ് ഡോ. സന്ദീപ് ഘോഷിനെ ഇതുവരെ ചോദ്യംചെയ്തത്. സന്ദീപ് ഘോഷിന്റെ ഫോൺ രേഖകളും പരിശോധിക്കുന്നു. ഡോക്ടറുടെ കൊലപാതകവിവരം അറിഞ്ഞതിനുശേഷം കുടുംബത്തെ അറിയിക്കാൻ മൂന്നുമണിക്കൂർ വൈകി എന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിനോട് ചേർന്ന് ചില നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ ശ്രമമുണ്ടായതും സിബിഐ പരിശോധിക്കുന്നു. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സഞ്ജയ്‌ റോയിയെ ഇന്നലെ സൈക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ആർജി കാർ മെഡിക്കൽ കോളജിന്റെ 3D ലേസർ മാപ്പിങ്ങും സിബിഐ പൂർത്തിയാക്കി. 

ENGLISH SUMMARY:

Doctors protest at Health Ministry Today