പാവത്തുങ്ങള്‍ക്കിത്രയും 'സൗന്ദര്യം' കൊടുക്കല്ലേ എന്ന സിനിമ ഡയലോഗാണ് എക്സിലിപ്പോള്‍ ട്രെന്‍ഡിങ്. വെറുതേയല്ല, 'ക്യൂട്ട് ഫീ'യെന്ന പേരില്‍ 50 രൂപ ഇന്‍ഡിഗോ ഈടാക്കിയതാണ് കാരണം. ശ്രയാന്‍ഷ് സിങെന്ന എക്സ് ഉപയോക്താവാണ് വിശദമായ പോസ്റ്റില്‍ ഇന്‍ഡിഗോ 50 രൂപ ക്യൂട്ട് ഫീയായി ഈടാക്കിയെന്ന് വെളിപ്പെടുത്തിയത്. 

യാത്രക്കാര്‍ ക്യൂട്ടായതിനാണോ അതോ വിമാനം ക്യൂട്ടാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതിനാണോ ഈ ഫീസെന്നായിരുന്നു ടിക്കറ്റ് നിരക്കിന്‍റെ വിശദാംശങ്ങള്‍ പങ്കുവച്ച് ശ്രയാന്‍ഷിന്‍റെ ചോദ്യം. ഇതിന് പുറമെ വിമാനക്കമ്പനി വാങ്ങുന്ന യൂസര്‍ ഡവല്പെന്‍റ് ഫീ യെയും ഏവിയേഷന്‍ സെക്യൂരിറ്റി ഫീസിനെയും ശ്രയാന്‍ഷ് ചോദ്യം ചെയ്തിട്ടുണ്ട്.  വിമാനയാത്ര ചെയ്യുമ്പോള്‍ ടാക്സടയ്ക്കുന്നതിന് പുറമേയാണോ ഇതെന്നും അതോ വ്യോമയാന മന്ത്രാലയം വ്യോമയാന സുരക്ഷ വാണിജ്യാടിസ്ഥാനത്തില്‍ പുറം കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണോ എന്നും ചോദ്യം വിശദമാക്കിയിട്ടുണ്ട്. 

ശ്രയാന്‍ഷ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇന്‍ഡിഗോ വിശദീകരണവുമായി എത്തി. 'ഈ ക്യൂട്ടല്ല, ഞങ്ങളുദ്ദേശിച്ചതെന്നും ഇത് കോമണ്‍ യൂസര്‍ ടെര്‍മിനല്‍ എക്യുപ്മെന്‍റ് ചാര്‍ജാണെന്നു'മായിരുന്നു ഇന്‍ഡിഗോയുടെ മറുപടി. വിമാനത്താവളത്തിലെ മെറ്റല്‍ ഡിറ്റക്ടര്‍ മെഷീനുകള്‍, എസ്കലേറ്ററുകള്‍ തുടങ്ങി യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഉപയോഗിക്കുന്ന സേവനങ്ങള്‍ക്കുള്ള നിരക്കാണെന്നും കമ്പനി വിശദമാക്കി. യൂസര്‍ ഡവലപ്മെന്‍റ്  ഫീസ് വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഏവിയേഷന്‍ സെക്യൂരിറ്റി ഫീ ബുക്കിങുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതാണെന്നും സെക്ടറിനനുസരിച്ച് ഓരോ ഉപയോക്താവില്‍ നിന്നും രാജ്യത്തെ വിമാനത്താവള ഓപറേറ്റര്‍മാര്‍ക്കായാണ് ഇത് ഈടാക്കുന്നതെന്നും വിമാനക്കമ്പനി വ്യക്തമാക്കി. 

ചോദ്യവും ഉത്തരവും അവിടെ അവസാനിച്ചെങ്കിലും എക്സില്‍ 'ക്യൂട്ട്' കമന്‍റുകള്‍ നിറയുകയാണ്.  സൗന്ദര്യം ഒരു ശാപമായെന്ന് ഇപ്പോഴാണ് തോന്നുന്നതെന്നും  ഇത്രയും വിശദീകരിച്ച സ്ഥിതിക്ക് ഇന്‍ഡിഗോയ്ക്ക് വേണമെങ്കില്‍ എക്സ്പ്ലനേഷന്‍ ഫീയും ഈടാക്കാമെന്നും മറ്റൊരാള്‍ കുറിച്ചു. താന്‍ വിമാന ടിക്കറ്റ് നോക്കുമ്പോഴെല്ലാം മൂന്നിരട്ടി നിരക്ക് ഇന്‍ഡിഗോ കാണിച്ച് പോന്നതിന്‍റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടിയതെന്നാണ് മറ്റൊരു സുന്ദരി കുറിച്ചത്. 

ENGLISH SUMMARY:

Charge for being cute? flyer's hilarious question to Indigo sparks discussion