36,000 അടി ഉയരത്തില്‍ പറക്കുന്ന ഇന്റിഗോ വിമാനത്തില്‍വച്ച് ഇന്ത്യക്കാരന്‍ ചായ ഒഴിച്ചു യാത്രക്കാര്‍ക്ക് നല്‍കുന്ന വിഡിയോ വൈറലാകുന്നു. തായ്‌ലന്‍ഡിലേക്കുള്ള വിമാനത്തില്‍വച്ച് ഇന്ത്യന്‍ യാത്രക്കാര്‍ ലോക്കല്‍ ട്രെയിനിലെന്ന പോലെ പെരുമാറുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അതിനുപിന്നാലെയാണ് പുതിയ വിഡിയോ.
ചായ്, ചായ് എന്ന് പ്രത്യേകതരം ഈണത്തില്‍ പറഞ്ഞുകൊണ്ടാണ് ഇയാള്‍ ചായ എല്ലാവര്‍ക്കും ഒഴിച്ചുകൊടുക്കുന്നത്. ഇതൊക്കെ വിമാനത്തില്‍തന്നെയോ എന്ന ചോദ്യമാണ് പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. ലോക്കല്‍ ട്രെയിനുകളില്‍ കാണുന്ന പോലെ ഫ്ലാസ്ക്കില്‍ നിന്നും പേപ്പര്‍ ഗ്ലാസിലേക്ക് യാത്രക്കാര്‍ക്ക് ചായ ഒഴിച്ചുകൊടുക്കുകയാണ് ഇയാള്‍. യാത്രക്കാരില്‍ ഒരു വിഭാഗം തമാശരൂപേണയാണ് ചായവിതരണം കാണുന്നതെങ്കിലും ഒരു വിഭാഗത്തിന് കാര്യങ്ങള്‍ അത്ര പിടിച്ച മട്ടില്ല. 24മണിക്കൂറിനുള്ളില്‍ തന്നെ വിഡിയോ 4ലക്ഷംപേര്‍ കണ്ടു. എയര്‍ക്രൂ ഡോട്ട് ഇന്‍ എന്ന പേജില്‍ നിന്നാണ് വിഡിയോ പങ്കുവക്കപ്പെട്ടത്.
കാബിന്‍ ക്രൂ ജീവനക്കാരെയൊന്നും കാണാനില്ലല്ലോയെന്നും ഇത്തരത്തില്‍ ദ്രാവകരൂപത്തിലുള്ള വസ്തുക്കളെങ്ങനെയാണ് ഇയാള്‍ വിമാനത്തിലേക്ക് കൊണ്ടുപോയതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഇന്ത്യക്കാരെ തന്നെ നാണം കെടുത്തുന്ന തരത്തിലുള്ള പ്രവൃത്തിയാണിതെന്നും ചിലര്‍ പറയുന്നു. വിമാനത്തിന്‍റെയോ യാത്രയുടേയോ വിശദാംശങ്ങളൊന്നും തന്നെ ലഭ്യമല്ല. രാജസ്ഥാനിലെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ഇതില്‍ രണ്ടുപേരെ കാണാനാവുക. കല്യാണ സംഘമായിരിക്കണമിതെന്നാണ് വിഡിയോക്ക് താഴെവന്ന ഒരു കമന്റ്.