ഡല്‍ഹിയില്‍ എസിയുടെ ഔട്ട്ഡോർ യൂണിറ്റ് തലയിൽ വീണ് യുവാവ് മരിച്ച സംഭവത്തില്‍ കുരങ്ങുകളെ കുറ്റപ്പെടുത്തി കെട്ടിട ഉടമ. കുരങ്ങുകൾ ഈ പ്രദേശത്ത് വിഹരിക്കാറുണ്ടെന്നും ഇത് ഭീഷണിയാണെന്നും കെട്ടിട ഉടമ പറഞ്ഞു. കുട്ടികൾ റോഡിൽ നിൽക്കുകയായിരുന്നു. കുരങ്ങുകൾ എസിയിൽ തൂങ്ങിയതായിരിക്കാം അപകട കാരണം.
എസി വീണ് മരിച്ച ജിതേഷിന്‍റെയും പരുക്കേറ്റ പ്രൻഷുവിന്‍റെയും സുഹൃത്താണ് കെട്ടിട ഉടമയുടെ 18 വയസുള്ള മകൻ. കൂട്ടുകാരനെ കാണാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കെട്ടിട ഉടമയ്‌ക്കെതിരെ ബിഎൻഎസിന്‍റെ സെക്ഷൻ 106 –അശ്രദ്ധമൂലമുള്ള മരണം പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് 6.45 ഓടെയായിരുന്നു ഞെട്ടിക്കുന്ന അപകടമുണ്ടായത്. ജിതേഷും പ്രൻഷുവും കെട്ടിടത്തിനു താഴെയായി സംസാരിച്ചു നിൽക്കുകയായിരുന്നു. ജിതേഷ് സ്കൂട്ടറില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് കെട്ടിടത്തിലെ എസിയുടെ ഔട്ട്ഡോർ യൂണിറ്റ് ജിതേഷിന്‍റെ തലയിലേക്ക് വീഴുകയായിരുന്നു. ജീതേഷിനു സമീപത്തുനിന്ന പ്രൻഷുവിനും അപകടത്തിൽ ഗുരുതര പരുക്കേറ്റിട്ടുണ്ട്. പ്രൻഷു അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.