ആന്ധ്രാപ്രദേശിലെ കഡപ്പയില്‍ സൈക്കിളില്‍ പോകുന്നതിന് ഇടയില്‍ പതിനൊന്നുവയസുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിന് ഇടയില്‍ റോഡില്‍ കിടന്നിരുന്ന വൈദ്യുത ലൈനില്‍ തട്ടിയാണ് വൈദ്യുതാഘാതമേറ്റത്. തന്‍വീര്‍ എന്ന കുട്ടിയാണ് മരിച്ചത്.
തന്‍വീറിനൊപ്പം ഉണ്ടായിരുന്ന ആദം എന്ന പത്തുവയസുകാരനും വൈദ്യുതാഘാതമേറ്റു. ആദം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തന്‍വീര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇരുവര്‍ക്കും വൈദ്യുതാഘാതമേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
വഴിയാത്രക്കാരാണ് വയര്‍ നീക്കി കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് പിന്നാലെ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റന് എതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും എന്ന് കഡപ്പ എംഎല്‍എ മാധവി റെഡ്ഡി പറഞ്ഞു.