hidden-camera

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തിയ സംഭവം അന്ധ്രപ്രദേശില്‍ വലിയ വിവാദമാകുന്നു. കൃഷ്ണന്‍ ജില്ലയിലെ ഗുദ്‌ലാവല്ലേരു എന്‍ജിനീയറിങ് കോളജിലെ ഹോസ്റ്റലിലാണ് സംഭവം. വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി അത് പ്രചരിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.

ഇതേ കോളജിലെ ബി.ടെക് അവസാന വര്‍ഷ വിദ്യാര്‍ഥിയായ വിജയ് കുമാര്‍ എന്ന വിദ്യാര്‍ഥിയെ സംഭവവുമായി ബന്ധപ്പെട്ട് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. വിജയ്‌യുടെ ലാപ്ടോപ്പും പൊലീസ് കണ്ടെടുത്തു. കൂടുതല്‍ തെളിവെടുപ്പും അന്വേഷണവും നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്ന് മുന്നൂറോളം ചിത്രങ്ങളും വിഡിയോകളും ചോര്‍ന്നുവെന്നാണ് പ്രാഥമിക വിവരം. വിജയ് ഇതില്‍ ചിലത് കോളജിലെ മറ്റുചിലര്‍ക്ക് വിറ്റുവെന്നും സൂചനയുണ്ട്. സംഭവം വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. 

ശുചിമുറിയില്‍ നിന്ന് ക്യാമറ കണ്ടെത്തിയ വിദ്യാര്‍ഥിനികള്‍ മറ്റുള്ളവരെയും വിവരം അറിയിക്കുകയും വലിയ പ്രതിഷേധത്തിലേക്ക് കാര്യങ്ങള്‍ കടക്കുകയുമാണുണ്ടായത്. ഇന്നലെ രാത്രി ഏഴുമണി മുതല്‍ ഇന്ന് നേരെ പുലരുവോളം വിദ്യാര്‍ഥി പ്രതിഷേധം നീണ്ടു. ‘ഞങ്ങള്‍ക്ക് നീതി വേണം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് വിദ്യാര്‍ഥിനികള്‍ തെരുവില്‍ അണിനിരന്നത്.

ഒളിക്യാമറ കണ്ടെത്തിയതോടെ ഹോസ്റ്റലിലെ മാത്രമല്ല, കോളജിലെ ശുചിമുറികള്‍ പോലും ഉപയോഗിക്കാന്‍ ധൈര്യമില്ലെന്ന് വിദ്യാര്‍ഥിനികള്‍ പ്രതികരിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. വിശദമായ അന്വേഷണം നടന്നുവരികയാണ്.

ENGLISH SUMMARY:

Hidden camera was discovered in the women's hostel washroom. The camera had been secretly recording videos of the students, which were later leaked and sold to some students, officials said.