സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ഉച്ചാരണക്ലാസ്. കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു തിരുത്തല്‍ ക്ലാസ് നടന്നത്. എന്നാല്‍ തന്റെ തെറ്റ് ചീഫ് ജസ്റ്റിസ് തന്നെയാണ് സ്വയം തിരുത്തി കോടതിയെ അറിയിച്ചത്. താന്‍ ഇതുവരെ ആര്‍ജി കാര്‍ കോളജ് എന്നായിരുന്നു ഉച്ചരിച്ചതെന്നും ജസ്റ്റിസ് ഹൃഷികേഷ് റോയ് തന്റെ തെറ്റ് ചൂണ്ടിക്കാണിച്ചെന്നും മാപ്പ് ചോദിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
31കാരിയായ ഡോക്ടര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം. ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കായി ഹാജരായ അഭിഭാഷകയാണ് താനെന്ന് വനിതാവക്കീല്‍ പറഞ്ഞതിനു പിന്നാലെയായിരുന്നു തന്റെ തെറ്റ് ചീഫ് ജസ്റ്റിസ് ഏറ്റുപറഞ്ഞത്.
‘ഇതിനിടെ എനിക്ക് മറ്റൊരു കാര്യം പറയാനുണ്ട്, നിങ്ങള്‍ ആര്‍ജി കാര്‍ കാര്‍ എന്നാണ് പറയുന്നത്, കാര്‍ അല്ല കര്‍ എന്ന് ജസ്റ്റിസ് ഹൃഷികേഷ് റോയ് എനിക്ക് തിരുത്തിത്തന്നു, എന്്റെ തെറ്റിന് ഞാന്‍ മാപ്പ് ചോദിക്കുന്നു’എന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. 1886ല്‍ ഡോക്ടര്‍ രാധാഗോബിന്ദ കര്‍നറെ നേതൃത്വത്തിലാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് സ്ഥാപിച്ചത്. 1902ലാണ് ആശുപത്രിക്ക് സ്വന്തമായി ഒരു കെട്ടിടം ലഭിച്ചത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രി,വനിതാ ഡോക്ടറുടെ കൊലപാതകത്തോടെയാണ് വാര്‍ത്താ തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചത്. കൊല്‍ക്കത്തയിലെ സംഭവം പതിയെ രാജ്യവ്യാപക പ്രതിഷേധത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. ഡോക്ടര്‍മാര്‍ 36 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ചും മോശം അന്തരീക്ഷത്തെക്കുറിച്ചും ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.