സഖ്യകക്ഷി സ്വാധീനത്തിൽ നയപരമായ തീരുമാനങ്ങളിൽ സമ്മർദത്തിലായി മൂന്നാം മോദി സർക്കാർ. കേവലഭൂരിപക്ഷമില്ലാത്തതും ശക്തമായ പ്രതിപക്ഷ സാന്നിധ്യവും  തീരുമാനങ്ങളെ സ്വാധീനിച്ചു തുടങ്ങിയതിന് തെളിവാണ് ലാറ്ററൽ എൻട്രി നിയമനത്തിലെ പിൻമാറ്റം. രണ്ടുമാസത്തിനിടെ ഇത് നാലാംവട്ടമാണ് സർക്കാരിൻറെ യു ടേൺ.

ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷികളെ പരി​ഗണിച്ച് മാത്രമെ സർക്കാറിന് മുന്നോട്ട് പോകാൻ സാധിക്കൂ എന്നാണ് ഇത് കാണിക്കുന്നത്. തീരുമാനങ്ങളിലെ പിൻമാറ്റം  പ്രധാനമന്ത്രി ദുർബലനായി തുടങ്ങി എന്നതിന് തെളിവായി  ചിത്രീകരിക്കാൻ പ്രതിപക്ഷവും ശ്രമിക്കുന്നു. നമുക്കിപ്പോഴുള്ളത് ദുർബലനായ പ്രധാനമന്ത്രിയും ശക്തനായ പ്രതിപക്ഷ നേതാവുമാണെന്ന  കോൺ​ഗ്രസ് എംപിയായ മാണിക്യം ടാ​ഗോറിൻറെ പ്രതികരണം ഈ പ്രചാരണത്തിന് അടിവരയിടുന്നു.

കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി അപേക്ഷ ക്ഷണിച്ച യുപിഎസ്സി നടപടി കേന്ദ്രം റദ്ദാക്കിയത് ശക്തമായ പ്രതിപക്ഷ, സഖ്യകക്ഷികളുടെ പ്രതിഷേധത്തിന് പിന്നാലെയാണ്. എസ്സി, എസ്ടി, ഒബിസി ക്വാട്ട പരിഗണിക്കാതെ മന്ത്രാലയങ്ങളിലെ ഉയർന്ന ഉദ്യോ​ഗസ്ഥരെ നേരിട്ട് നിയമിക്കാനായിരുന്നു കേന്ദ്രത്തിന്റെ ശ്രമം. നടപടി സംവരണ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങൾ ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ബിഹാറിൽ നിന്നുള്ള സഖ്യകക്ഷികളാണ് സംവരണത്തിന് എതിരായ നീക്കത്തെ ശക്തമായ എതിർത്തത്. ചിരാഗ് പസ്വാൻറെ ലോക് ജനശക്തി പാർട്ടിയും നിതീഷ് കുമാറിൻറെ ജനതാ​ദൾ യുണൈറ്റഡും എതിർ സ്വരമുയർത്തി.  

ബ്രോഡ്കാകാസ്റ്റിങ് സർവീസ് (റെഗുലേഷൻ) ബിൽ

മറ്റൊരു യൂടേണാണ് ബ്രോഡ്കാകാസ്റ്റിങ് സർവീസ് (റെഗുലേഷൻ) ബില്ലിന്റെ കരട് പുനരാലോചിക്കാനുള്ള തീരുമാനം. 1995 ലെ കേബൾ ടിവി റെഗുലേഷൻ ആക്ടിന് പകരമാണ് സർക്കാർ പുതിയ ബിൽ കൊണ്ടുവന്നത്. കരട് ബിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യണമെന്നതിനാൽ പിൻവലിച്ചു എന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. സ്വതന്ത്യ വാർത്ത കണ്ടൻറുകൾ നിയന്ത്രിക്കാക്കാൻ സർക്കാർ ഇതിലൂടെ ശ്രമിക്കുന്നു എന്നും 

ബിസിനസുകാർക്ക് വേണ്ടി സർക്കാർ സത്യത്തെ മറച്ചുവെ്കകാൻ ശ്രമിക്കുന്നു എന്നുമായിരുന്നു പ്രതിപക്ഷ ആരോപണം. 

വഖഫ് ബിൽ

195 ലെ വഖഫ് നിയമത്തിന് പകരം പുതിയ ബിൽ അവതരിപ്പിച്ചപ്പോഴും സഖ്യകക്ഷികളിൽ നിന്ന് ബിജെപി ശക്തമായ എതിർത്ത് നേരിട്ടു. ലോക് ജനശക്തി പാർട്ടി, ജെഡിയു, ടിഡിപി എന്നിവരാണ് വഖഫ് ബില്ലിനെ എതിർത്ത സഖ്യകക്ഷികൾ. ഇതുപരി​ഗണിച്ച് ബിൽ സംയുക്ത പാർലമെൻററി സമതിക്ക് അയക്കുകയായിരുന്നു. 

ഇൻഡക്സേഷൻ തിരികെ കൊണ്ടുവന്നു

കേന്ദ്ര ബജറ്റിൽ നികുതി പരിഷ്കാരത്തിലെ സുപ്രധാന നീക്കമായിരുന്നു വസ്തു വിൽപ്പനയിൽ ലഭിക്കുന്ന ലാഭത്തിന് ദീർഘകാല മൂലധന നേട്ട നികുതി ചുമത്തുമ്പോൾ ഇൻഡക്സേഷൻ ഒഴിവാക്കിയത്. ഈ തീരുമാനം സർക്കാറിന് പിൻവലിക്കേണ്ടി വന്നു. 2024 ജൂലൈ 23 ന് മുൻപ് വസ്തു വാങ്ങിയവയവർക്ക് ഇൻഡക്സേഷനോടെ 20 ശതമാനം ദീർഘകാല മൂലധന നേട്ട നികുതി നൽകിയാൽ മതിയെന്നാണ് പുതിയ നിയമം. ഇൻഡക്സേഷൻ ഇല്ലാതെയാണെങ്കിൽ 12.50 ശതമാനമാണ് നികുതി. 

സഖ്യകക്ഷി സർക്കാർ 

നേരത്തെയുള്ള ബിജെപി സർക്കാറുകളിൽ നിന്ന് മാറി ഇത്തവണ എൻഡിഎ സർക്കാറാണ് ഭരിക്കുന്നത് എന്ന് ഓർമിപ്പിക്കുന്നതാണ് ലോക്സഭയിലെ സംഖ്യകൾ. ബിജെപിക്ക് 240 എംപിമാർ മാത്രമായതിനാൽ കേവലഭൂരിപക്ഷമില്ല. 16 എംപിമാരുള്ള തെലുങ്ക് ദേശം പാർട്ടിയുടേയും 12 അം​ഗങ്ങളുള്ള ജെഡിയു വിന്റെയും പിന്തുണയിലാണ് എൻഡിഎ മുന്നണി ഭരിക്കുന്നത്

ENGLISH SUMMARY:

Narendra Modi government takes four U Turns in policy decisions with in two months.