കൊൽക്കത്തയിലെ കർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ട് 13 ദിവസം പിന്നിടുന്നു. സുപ്രീം കോടതിയിൽ ഈ കേസ് പരിഗണിക്കേ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മറ്റൊരു ഞെട്ടിക്കുന്ന പീഡന സംഭവത്തിലെ ഇരയുടെ പേര് ഓർത്തു. അരുണ ഷാൻബാഗ്..
അരുണ ഷാൻബാഗ്.. മറക്കാൻ കഴിയില്ല നമുക്ക് ആ പേരും ദൈന്യത നിറഞ്ഞ ആ മുഖവും..സോഹൻ ലാൽ വാൽമീകി എന്ന നരാധമന്റെ ലൈംഗിക വൈകൃതത്തിനിരയായി അബോധാവസ്ഥയിലായ ഒരു പാവം നഴ്‌സ്. വിവാഹം ഉറപ്പിച്ച നാളുകളിൽ ആ സ്വച്ഛന്ദ ജീവിതം സ്വപ്നം കണ്ട് കാത്തിരുന്ന ഒരു പാവം കന്നഡ പെൺകുട്ടി..ജീവതം നിറമുള്ളതാക്കാനും വീട് സംരക്ഷിക്കാനും കര്‍ണാടകയിലെ ഹാല്‍ദിപൂര്‍ ഗ്രാമത്തില്‍നിന്ന് അരുണ മുംബൈയിലെ കെ.ഇ.എം. ആശുപത്രിയില്‍ നഴ്സായി ജോലിക്ക് കയറിയത് 1967ല്‍. ശസ്ത്രക്രിയാ വിഭാഗത്തിലാണ് അരുണ ജോലി നോക്കിയിരുന്നത്. ഇതേ ആശുപത്രിയിലെ ഡോക്ടറായ സന്ദീപ് സര്‍ദേശായിയുമായി അവള്‍ പ്രണയത്തിലായി, വിവാഹം നിശ്ചയിക്കപ്പെട്ടു.
ജീവിതത്തിന്റെ നല്ല കാലം സ്വപ്നം കണ്ടാണ് അവള്‍ അന്നും, അതായത് 1973 നവംബര്‍ 27നും ജോലിക്കായി എത്തിയത്. ആശുപത്രിയിലെ മുറിയില്‍ വസ്ത്രം മാറുന്ന ആ നിമിഷത്തെ അരുണയുടെ കഥ കേട്ടിട്ടുള്ള എല്ലാവരും ഇന്നും ശപിക്കും. അരുണയെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്ന സോഹന്‍ലാല്‍ വാല്മീകി എന്ന ക്രൂരനായ ആശുപത്രി ജീവനക്കാരന്‍ അരുണയെത്തും മുന്‍പേ ആ മുറിയില്‍ കയറി ഒളിച്ചിരുന്നു.
അരുണ എത്തിയതും അവളെ കയറിപ്പിടിച്ച് കീഴ്പ്പെടുത്തി. നായയെ പൂട്ടുന്ന ചങ്ങലകൊണ്ടാണ് അയാള്‍ അരുണയെ ബന്ധിച്ച് അതിക്രൂരമായി പീഡിപ്പിച്ചത്. കഴുത്തിലെ കുരുക്ക് മുറുകി അരുണക്ക് ബോധം നഷ്ടപ്പെട്ടു. ആസക്തി തീരുംവരെ ആ രാക്ഷസന്‍ അവളെ ബലാല്‍സംഗം ചെയ്തു. അവളെ അവിടെ പൂട്ടിയിട്ട് അയാള്‍ കടന്നുകളഞ്ഞു. പിറ്റേന്ന് ആശുപത്രിയിലെ മറ്റൊരു തൂപ്പുകാരനാണ് രക്തത്തില്‍ കുളിച്ചുകിടന്ന അരുണയെ കാണുന്നത്. പെട്ടന്ന് തന്നെ മികച്ച ചികില്‍സ നല്‍കിയെങ്കിലും അവളിലെ പ്രഞ്ജ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു. ആക്രമണത്തില്‍ നട്ടെല്ലിന് സാരമായി പരുക്കേറ്റു. കഴുത്തിലെ കുരുക്ക് അവളുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കാന്‍ കാരണമായി. വിളിച്ചാല്‍ വിളി കേള്‍ക്കാന്‍ പോലുമാകാത്തവിധം അരുണ ജീവച്ഛവമാക്കപ്പെട്ടു.
നീണ്ട 42കൊല്ലം അങ്ങനെ അനക്കമില്ലാതെ അരുണ ജീവിച്ചു. ആശുപത്രിക്കിടക്കയില്‍. അവളെ മൃതപ്രായയാക്കിയവനെ ശിക്ഷിച്ചത് മോഷണത്തിനും ജീവാപായം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനുമായിരുന്നു. ആശുപത്രി ഡീന്‍ നല്‍കിയ പരാതി അപ്രകാരമായിരുന്നു. കോടതി സോഹന്‍ലാലിനെ 14 വര്‍ഷം തടവിന് ശിക്ഷിച്ചു. 1980ല്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അയാള്‍ ദൂരെ എങ്ങോപോയി വിവാഹം കഴിച്ച് സന്തോഷവാനായി ജീവിച്ചു. അരുണയുടെ അവസ്ഥയില്‍ പ്രതിഷേധിച്ച് അന്നും നഴ്സുമാര്‍ ഒന്നാകെ സമരത്തിനിറങ്ങി. അരുണയുടെ കഥപുറംലോകത്തെത്തിച്ചത് പിങ്കി വിരാനി എന്ന പത്രപ്രവര്‍ത്തകയായിരുന്നു. അരുണയ്ക്ക് ദയാവധം അനുവദിച്ച് കിട്ടാന്‍ പോലും അവര്‍ നിയമപോരാട്ടം നടത്തി. പക്ഷെ സുപ്രീംകോടതി ആവശ്യം നിരാകരിച്ചു. കാലവേഗത്തോട് അരുണ നടത്തിയ പോരാട്ടം 2015 മേയ് 18ന് അവസാനിച്ചു. കടുത്ത ന്യൂമോണിയ ബാധിച്ച് ആ പാവം മരണത്തിന് കീഴടങ്ങി. വര്‍ഷങ്ങള്‍ അധികം കഴിയും മുന്നേ തന്നെ മറ്റൊരു ലൈംഗിക കൊലയ്ക്ക് രാജ്യം നടുക്കത്തോടെ സാക്ഷിയാവുമ്പോള്‍ അരുണ എന്ന കന്നടക്കാരി പെണ്‍കുട്ടി കോടതിക്ക് പരാമര്‍ശഹേതുവായതില്‍ അതിശയിക്കാനില്ല.