മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻ്റ് സ്പോർട്സ് സയൻസസിൽ വിദ്യാർത്ഥികൾ സമരത്തിൽ..പഠനവിഭാഗവും, പാഠ്യേതര വിഭാഗവുമായി വകുപ്പിനെ വിഭജിക്കാനുള്ള നീക്കത്തിനെതിരെയാണ് സമരം.. സിൻഡിക്കേറ്റിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ മൂന്നു ദിവസമായി സമരത്തിലാണ് വിദ്യാർഥികൾ
MG സർവ്വകലാശാല ആസ്ഥാനത്ത് കഴിഞ്ഞ് മൂന്നുദിവസമായി കായിക വിഭാഗം വിദ്യാർത്ഥികൾ സമര മുഖത്താണ്. ഫിസിക്കൽ എജ്യൂക്കേഷൻ, ഡിപ്പാർട്ട് മെൻ്റ് ഓഫ് സ്പോട്സ് എന്നിങ്ങനെ കായിക വകുപ്പിനെ വിഭജിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനമാണ് പ്രതിഷേധത്തിനു കാരണം. പ്രായോഗികവും ശാസ്ത്രീയവുമല്ലാത്ത രീതി സിൻഡിക്കേറ്റ് വ്യക്തി താൽപര്യങ്ങളുടെ പുറത്ത് അടിച്ചേൽപ്പിക്കുന്നതായാണ് പരാതി
കണ്ണൂർ സർവകലാശാലയിൽ പരീക്ഷിച്ച് പരാജയപ്പെട്ട അതേ രീതി പിന്തുടരാൻ ശ്രമിക്കുന്നതായും ഇതിന് പിന്നിൽ ഡിപ്പാർട്ട്മെന്റിലെ ചില അധ്യാപകരോടുള്ള സിൻഡിക്കേറ്റിന്റെ രാഷ്ട്രീയപരമായ എതിർപ്പാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു വ്യാഴാഴ്ച ക്യാംപസിൽ ഉപവാസ സമരം നടത്തും. ഒളിമ്പ്യൻമാർ അടക്കം സമരത്തിനെത്തും. അതേസമയം വസ്തുതകൾ മനസിലാക്കാതെയാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നതെന്ന് സിൻഡിക്കേറ്റ് പ്രതികരിച്ചു. കായിക വകുപ്പ് വിഭജനം മൂലം വിദ്യാർഥികൾക്ക് അക്കാദമിക്ക് തലത്തിലും മത്സര ഇനങ്ങളിലും ഒരുപോലെ ഗുണം ചെയ്യും. വിദ്യാർഥികളുമായി ചർച്ചയ്ക്ക് തയ്യാറെന്നും സിൻഡിക്കേറ്റ് വ്യക്തമാക്കി.