കൊലക്കേസ് പ്രതിയായ കന്നഡ സൂപ്പര്‍ സ്റ്റാര്‍ ദര്‍ശന്‍ ദെഗുദീപയ്ക്ക് ജയിലില്‍ രാജകീയ പരിഗണന ലഭിക്കുന്നതിന്‍റെ തെളിവുകള്‍ പുറത്ത്. ബെംഗളുരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവില്‍ കഴിയുന്ന നടന്‍ കുപ്രസിദ്ധ ഗുണ്ടകള്‍ക്കൊപ്പം പുക വലിച്ചിരിക്കുന്ന ചിത്രങ്ങളും ഫോണ്‍ വിളിക്കുന്നതുമാണു പുറത്തായത്. ഫോട്ടോയും ദൃശ്യങ്ങളും ആരാധകര്‍ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഡി.പിയാക്കിയതോടെയാണു പൊലീസും ജയില്‍ അധികൃതരും വിവരം അറിഞ്ഞത്. സംഭവത്തില്‍ ഏഴു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു
വിഡിയോ കോള്‍ ദൃശ്യവുമാണു പുറത്തായത്. കുപ്രസിദ്ധ ഗുണ്ട വില്‍സന്‍ ഗാര്‍ഡന്‍ നാഗയ്ക്കും മാനേജര്‍ നാഗരാജിനുമൊപ്പം പുകവലിച്ചിരിക്കുന്നതാണു ചിത്രത്തിലുള്ളത്. കസേരകളും ടീപോയിയും അടക്കമുള്ള സൗകര്യങ്ങള്‍ നടനു ജയിലില്‍ കിട്ടുന്നുവെന്നു സഹതടവകുരാന്‍ പകര്‍ത്തിയ ഫോട്ടോയില്‍ വ്യക്തമാണ്. ആരാധകനുമായി വിഡിയോ കാളില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തായ മറ്റൊരു തെളിവ്. ജാമറുകളും സിസിടിവി ക്യാമറകളുമുള്ള ജയിലനകത്തിരുന്നു, നടന്‍ ഫോണ്‍ വിളിച്ചതു അതീവ സൂരക്ഷ വീഴ്ചയാണ്. ഫോട്ടോ പുറത്തുവന്നതിനു തൊട്ടുപിറകെ ജയില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയിലര്‍, അസിസ്റ്റന്റ് ജയിലര്‍ അടക്കം ഏഴു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
വനിത സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് ചിത്രദുര്‍ഗ സ്വദേശിയായ ആരാധകന്‍ രേണുകാ സ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണു ദര്‍ശന്‍. മറ്റു പതിനൊന്നു പേര്‍ക്കൊപ്പം അറസ്റ്റിലായ നടന്‍ ജാമ്യം കിട്ടാതെ ജൂണ്‍ 22 മുതല്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്. കേസിലെ ഒന്നാം പ്രതിയാ പവിത്ര ഗൗഡയും ഇതേ ജയിലില്‍ തന്നെയാണുള്ളത്.