കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ 22കാരന്‍റെ വയറ്റില്‍ കണ്ടെത്തിയത് കത്തിയും കീ ചെയിനും അടക്കമുളള ലോഹവസ്തുക്കള്‍. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വയറുവേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറിനകത്തെ ലോഹവസ്തുക്കളുടെ സാന്നിധ്യം ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. ഈ ലോഹവസ്തതുക്കളെല്ലാം തന്നെ ശസ്ത്രക്രിയയിലൂടെ വയറ്റില്‍ നിന്നും നീക്കം ചെയ്തെന്നും യുവാവ് സുഖം പ്രാപിച്ച് വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മോതിഹാരി ജില്ലാ ആസ്ഥാനമായുളള ആശുപത്രിയില്‍ യുവാവിനെയും കൊണ്ട് കുടുംബക്കാര്‍ എത്തിയത്. സഹിക്കാനാകാത്ത വയറുവേദനയാണ് തനിക്കെന്ന് യുവാവ് ഡോക്ടര്‍മാരെ അറിയിച്ചു. എക്സ്റേ എടുത്ത് നോക്കിയപ്പോഴാണ് യുവാവിന്‍റെ വയറിനകത്ത് നിരവധി ലോഹവസ്തുക്കളുണ്ടെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയായിരുന്നു.
ശസ്ത്രക്രിയയില്‍ ആദ്യം കണ്ടെത്തിയത് ഒരു കീ ചെയിനായിരുന്നു. എന്നാല്‍ അതിനൊപ്പം തന്നെ 2 താക്കോലുകളും നാലിഞ്ച് വലുപ്പം വരുന്ന ഒരു കത്തിയും രണ്ട് നഖംവെട്ടിയും കണ്ടെത്തി. ഇതെല്ലാം ശസ്ത്രക്രിയ വഴി യുവാവിന്‍റെ വയറ്റില്‍ നിന്നും നീക്കം ചെയ്തു. യുവാവിനോട് ഇതെല്ലാം എങ്ങനെ വയറ്റിലെത്തി എന്നു ചോദിച്ചപ്പോള്‍ തനിക്ക് ലോഹ വസ്തുക്കൾ വിഴുങ്ങുന്ന ശീലമുണ്ടെന്നായിരുന്നു മറുപടി. അടുത്തിടയാണ് ഈ ശീലം തുടങ്ങിയതെന്ന് യുവാവ് പറഞ്ഞതായി ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. അമിത് കുമാർ പറഞ്ഞു. ഇതൊരുതരം മാനസിക പ്രശ്നമാണെന്നും ചികില്‍സിച്ച് ഭേദമാക്കാനാകുമെന്നും ഡോക്ടര്‍ അറിയിച്ചു. അതേസമയം ശസ്ത്രക്രിയ വിജയകരമാണെന്നും ഉടനെ തന്നെ യുവാവ് ഡിസ്ചാര്‍ജ് ആകുമെന്നും ഡോക്ടര്‍ വ്യക്തമാക്കി. ശേഷം യുവാവിന്‍റെ മാനസിക പ്രശ്നം പരിഹരിക്കുന്നതിനുളള ചികില്‍സ തുടരുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.