ഉദ്ഘാടനം കഴിഞ്ഞ് എട്ടു മാസത്തിനുളളില്‍ തകര്‍ന്നുവീണ് ചത്രപതി ശിവജി പ്രതിമ. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനാണ് പ്രതിമ അനാച്ഛാദനം നടത്തിയത്. ഭാരതീയ ന്യായ് സംഹിത പ്രകാരം പ്രതിമ നിര്‍മാണത്തില്‍ പങ്കാളികളായ കോണ്‍ട്രാക്ടര്‍ ജയ്ദീപ് ആപ്തെക്കെതിരെയും കണ്‍സല്‍ട്ടന്റ് ചേതന്‍ പാട്ടിലിനെതിരെയും എഫ്ഐആര്‍ ഇട്ട് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതിമയുടെ നട്ടും ബോള്‍ട്ടും തുരുമ്പെടുത്ത നിലയിലായിരുന്നെന്നും ഗുണനിലവാരമില്ലാത്ത വസ്തുക്കളാണ് പ്രതിമ നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും പിഡബ്ല്യുഡി നല്‍കിയ പരാതിയില്‍ പറയുന്നു. നാട്ടുകാരും സഞ്ചാരികളും ഉള്‍പ്പെടെ പ്രതിമയുടെ അവസ്ഥയെക്കുറിച്ച് നേരത്തേ ആശങ്കപ്പെട്ടിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ഈ മാസം 20ന് പിഡബ്ല്യുഡി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പ്രതിമയുടെ അപകടാവസ്ഥയെക്കുറി്ച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിമയുടെ നട്ടും ബോള്‍ട്ടും തുരുമ്പെടുത്ത് നശിച്ചതായി അന്നു തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ആ മുന്നറിയിപ്പെല്ലാം അവഗണിക്കപ്പെട്ടതാണ് പ്രതിമ തകര്‍ന്നുവീഴുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. പിഡബ്ല്യുഡി ഇതുമായി ബന്ധപ്പെട്ട് നാവിക ഉദ്യോഗസ്ഥര്‍ക്ക് നേരത്തേ കത്തയച്ചിരുന്നു. എത്രയും വേഗം പ്രതിമ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 8നാണ് പ്രതിമയുടെ നിര്‍മാണപ്രവര്‍ത്തനം ഇന്ത്യന്‍ നേവിയുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ചത്. എന്നാല്‍ പ്രതിമ നിര്‍മാണത്തില്‍ വിദഗ്ധരാരും അക്കൂട്ടത്തിലുണ്ടായിരുന്നില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.നേവി ദിനത്തിലായിരുന്നു പ്രതിമയുടെ അനാച്ഛാദനവും നടന്നത്. മണിക്കൂറില്‍ 45കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റാണ് പ്രതിമ തകരാന്‍ ഇടയാക്കിയതെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു . അതേസമയം സര്‍ക്കാരിന്റെ അവഗണനയാണ് പ്രതിമ നിലംപതിക്കാന്‍ കാരണമായതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.