മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ദ്വാരക സർക്കിളിൽ ടെംപോയും ട്രക്കും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ദ്വാരക സർക്കിളിലെ അയ്യപ്പക്ഷേത്രത്തിന് സമീപം രാത്രി ഏഴരയോടെയായിരുന്നു അപകടം. ടെംപോയില്‍ 16 യാത്രക്കാരുണ്ടായിരുന്നെന്നാണ് വിവരം.
നിഫാദിലെ ഒരു മതപരമായ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘം. ടെംപോ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് ഇരുമ്പ് കമ്പികള്‍ കയറ്റി വന്ന ട്രക്കിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പലരും സംഭവസ്ഥത്തു തന്നെ മരണപ്പെട്ടു. വഴിയാത്രക്കാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇവര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങളുമെത്തി. ട്രക്കില്‍ ഇരുമ്പ് കമ്പികള്‍ കൊണ്ടുപോകുന്നതിനെ സംബന്ധിച്ച യാതൊരു മുന്നറിയിപ്പുകളും സ്ഥാപിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റവർ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ചില യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസും ആരോഗ്യവകുപ്പും അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മുംബൈ-നാസിക് ഹൈവേയിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായി. 45 മിനിറ്റോളം ഗതാഗതം സ്തംഭിച്ചു. സംഭവത്തില്‍ രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് അറിയിച്ചു.