കൊല്‍ക്കത്ത പീഡനക്കൊലപാതകത്തില്‍ കടുത്ത രോഷം പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സ്ത്രീകളെ ഉപഭോഗ വസ്തുവായി കാണുന്നത് അവസാനിപ്പിക്കണം. ബംഗാളില്‍ വ്യാപക പ്രതിഷേധം നടക്കുമ്പോഴും ക്രിമിനലുകള്‍ വിഹരിക്കുകയാണെന്നും രാഷ്ട്രപതി. പീഡനക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ബംഗാളില്‍ ബി.ജെ.പി. ആഹ്വാനം ചെയ്ത ബന്ദില്‍ വ്യാപക സംഘര്‍ഷം അരങ്ങേറി.
കൊല്‍ക്കത്ത പീഡനക്കൊലപാതകത്തില്‍ ആദ്യമായി പ്രതികരിച്ച രാഷ്ട്രപതി കടുത്ത രോഷവും വേദനയും പങ്കുവച്ചു. സംസ്കാരമുള്ള സമൂഹം ഇത്തരം ഇത്തരം അതിക്രമങ്ങള്‍ അനുവദിക്കാന്‍ പാടില്ല. സത്യസന്ധവും ആത്മാര്‍ഥവുമായ ആത്മപരിശോധനയ്ക്ക് എല്ലാവരും തയാറാവണം. സ്ത്രീകളെ വിലകുറഞ്ഞവരായും കരുത്തില്ലാത്തവരായും കാണുന്ന മനോഭാവം മാറണമെന്നും രാഷ്ട്രപതി പറഞ്ഞു.
പീഡനക്കേസ് പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്ത ആഴ്ച ചേരുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഗവര്‍ണര്‍ അംഗീകാരം നല്‍കിയില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ കുത്തിയിരിക്കുമെന്നും മമത. അതേസമയം ബംഗാളില്‍ ബി.ജെ.പി. ആഹ്വാനംചെയ്ത ബന്ദില്‍ വ്യാപക അക്രമം അരങ്ങേറി. പ്രധാന നഗരങ്ങളിലെല്ലാം ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ്, റെയില്‍ ഗതാഗതം തടഞ്ഞു. നേതാക്കളടക്കം ഒട്ടേറെ പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ബന്ദിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷം വര്‍ധിപ്പിച്ചു. ബി.ജെ.പി നേതാവ് പ്രിയങ്കു പാണ്ഡെയുടെ വാഹനത്തിന് നേരെ നോര്‍ത്ത് 24 പര്‍ഗനാസില്‍ ആക്രമണമുണ്ടായി. ബോംബെറിഞ്ഞശേഷം വെടിയുതിര്‍ക്കുകയായിരുന്നു. സില്‍ഗുരിയില്‍ ബി.ജെ.പി. എം.പി. ജയന്ത് കുമാര്‍ റോയിയുടെ വാഹനത്തിനു നേരെയും കല്ലേറുണ്ടായി.