TOPICS COVERED

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. ഗുജറാത്തില്‍ പ്രളയസമാന സാഹചര്യമാണ്. ഇതുവരെ 28 പേര്‍ മരിച്ചു. കരസേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ കെട്ടിടം തകര്‍ന്ന് ഒരുകുടംബത്തിലെ മൂന്നുപേര്‍ മരിച്ചു.ഡല്‍ഹിയിലും വെള്ളക്കെട്ട് രൂക്ഷമാണ്.

ഗുജറാത്തില്‍ മൂന്നുദിവസമായി പെയ്യുന്ന കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ജാംനഗറില്‍ രഞ്ജിത്ത് സാഗര്‍ ഡാം കവിഞ്ഞൊഴുകി. 122 ഡാമുകളില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. വഡോദരയില്‍ വിശ്വാമിത്രി നദി കരകവിഞ്ഞു. അകോട സ്റ്റേഡിയം മേഖലയില്‍ വീടിന് മുകളില്‍ മുതല ഒഴുകിയെത്തി. സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത് മേഖലകളില്‍നിന്ന് ഇരുപതിനായിരത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു. പോര്‍ബന്ദറില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകള്‍ എത്തിച്ചു. പ്രധാനമന്ത്രി നരേനദ്രമോദി ഇന്നും ഗുജറാത്ത് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 

ഉത്തര്‍പ്രദേശ് മെയില്‍പുരിയില്‍ ഇരുനിലവീട് തകര്‍ന്നുവീണ് ഒരുകുടംബത്തിലെ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഗംഗാനദിയില്‍ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു. പ്രയാഗ് രാജില്‍ സംഗം തീരം മുങ്ങി. 

മിസോറാമില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റെയില്‍വെസ്റ്റേഷന്‍ തകര്‍ന്നു. ഹിമാചല്‍ പ്രദേശില്‍ സോലനില്‍ നദികള്‍ കരകവിഞ്ഞു. ഡല്‍ഹിയില്‍ രാത്രിയില്‍ ആരംഭിച്ച കനത്ത മഴയില്‍ വെള്ളക്കെട്ട് രൂക്ഷമായി. പ്രധാന റോഡുകളെല്ലാം മുങ്ങിയതോടെ ഗതാഗത തടസവും രൂക്ഷമാണ്. 

ENGLISH SUMMARY:

Heavy rains in North India