മണിപ്പൂരിലെ സംഘർഷങ്ങളിലെ മുറിവ് ആഴത്തിലുള്ളതെന്ന് ഇന്നർ മണിപ്പുർ എംപി ബിമോൽ അകൊയ്ജം. മണിപ്പൂരിൽ സമൂഹികമായും വ്യക്തിപരമായും അതിക്രമങ്ങൾ നടന്നു. മണിപ്പൂരിന്റെ മുറിവുണക്കാനുള്ള ശ്രമങ്ങൾ നടക്കണമെന്നും അദ്ദേഹം മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ പറഞ്ഞു. മണിപ്പൂരിന്റെ കാര്യത്തിൽ കേന്ദ്രം അധികാരം പ്രയോഗിക്കാൻ തയ്യാറാകണം. അത് ചെയ്തില്ലെങ്കിൽ രാജ്യമുണ്ടാകില്ല. അധികാരം ഉപയോഗിക്കാത്തതാണ് അഫാഗാനിസ്ഥാനിൽ നടന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മണിപ്പൂരിലെ സംഘർഷത്തെ കൂടുതൽ കാലം മുന്നോട്ട് കൊണ്ടുപോകുന്നതിൽ സർക്കാറിന് എന്തോ ലക്ഷ്യമുണ്ട്. അതിൽ ആശങ്കയുണ്ട്. എതിർക്കണമെന്നും വിഭജനം വേണമെന്നും പറയുന്നവർ മന്ത്രിസഭയിലുണ്ട്. ബ്രിട്ടീഷ് കാലത്ത് മണിപ്പൂരിൽ നടന്ന വിഭജനം ഇപ്പോൾ സർക്കാറും തുടരുകയാണ്. സംഘർഷത്തിന് ശേഷം നിക്ഷേപം മാറി, സമ്പദ്‍വ്യവസ്ഥ തകർന്നു, കടകളടച്ചു. ഇതാണ് സംഘർഷം മണിപ്പൂരിന് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ ലോക്സഭാ വിജയം ജനങ്ങളുടേതാണെന്നും ബിമോൽ. 28,000-30,000 ഭൂരിപക്ഷത്തിന് ജയിക്കുന്നിടത്ത് നിന്നാണ് 1 ലക്ഷത്തിന്റെ ഭൂരിപക്ഷക്കിന് ജയിച്ചത്. ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങി, വോട്ടില്ലാത്തവരും എനിക്കായി പ്രചാരണം നടത്തി. ഒന്നിച്ച് നിന്നു, ഇത് ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികളുടെ സമ്മർദ്ദത്തിന് തീരുമാനം എടുക്കില്ലെന്ന നിലപാട് എല്ലാ സർക്കാറുകളും എടുക്കണം. ജനങ്ങളെ മുന്നോട്ട് നയിക്കുന്ന മാറ്റങ്ങളാണ് സർക്കാറുടെ ഭാഗത്ത് നിന്നുണ്ടാേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അസാധാരണ സംഭവങ്ങളെ സാധാരണയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭരണ സംവിധാനം വിഭജിക്കപ്പെട്ടു. പ്രധാനമന്ത്രി മണിപ്പൂരിലെത്താത്ത സമയത്ത് രാഹുൽ ഗാന്ധി അവരെ കണ്ടപ്പോൾ മികച്ചൊരു അനുഭവമായി. പ്രധാനമന്ത്രി മണിപ്പൂരിലെത്തി ജനങ്ങളെ കണ്ട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.