TOPICS COVERED

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ ഛത്രപതി ശിവാജി പ്രതിമ തകർന്നുവീണതിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ എത്തിയ മോദിക്ക് നേരെ കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മറാഠാ വികാരം ബിജെപിക്ക് എതിരാവുമെന്ന് കണ്ടാണ് തിടുക്കത്തിലുള്ള ഖേദപ്രകടനം. 

നാവികസേനാ ദിനത്തിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത കൂറ്റൻ പ്രതിമയാണ് വെറും എട്ട് മാസത്തിനിടെ നിലംപൊത്തിയത്. മറാഠി സമൂഹം വൈകാരികമായി നെഞ്ചിലേറ്റുന്ന ശിവാജി മഹാരാജിന്‍റെ പ്രതിമ തകർന്നത് മഹായുതി സർക്കാരിന് വലിയ നാണക്കേടായി. പ്രതിപക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് മാപ്പപേക്ഷയുമായി പ്രധാനമന്ത്രി തന്നെ രംഗത്തുവന്നത്. 

മറാഠാ വികാരത്തിന് മുറിവേറ്റ സംഭവത്തിൽ മാപ്പ് പറയുന്നു. മഹാരാഷ്ട്രയിലെ പാൽഘറിൽ വാഡ് വൻ തുറമുഖ പദ്ധതി ഉദ്ഘാടനം ചെയ്യവേ ആണ് ഖേദപ്രകടനം. അടൽസേതു കടൽപാലത്തിന്‍റെ അപ്രോച്ച് റോഡിൽ വിള്ളൽ ഉണ്ടായതും സർക്കാറിന് ക്ഷീണമായിരുന്നു. എന്നാൽ ശിവാജി പ്രതിമയുടെ വീഴ്ച നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടാക്കും എന്ന ഭയമാണ് പുതിയ നീക്കങ്ങൾക്ക് പിന്നിൽ. തുറമുഖ ശിലാസ്ഥാപനത്തിന് എത്തിയ മോദി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ വിവിധ ഇടങ്ങളിൽ ഇന്ന് കറുത്ത കൊടിയേന്തി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ദാദറിലെ ശിവാജി പാർക്കിൽ പ്രകടനം നടത്തിയ പാർട്ടി മുംബൈ ഘടകം അദ്ധ്യക്ഷ വർഷ ഗെയ്ക്ക് വാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് മുന്നിൽ പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

Prime Minister Apologizes for Collapsing Chhatrapati Shivaji Statue