സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ജമ്മു കശ്മീര്‍ ബി.ജെ.പിയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവ് ചന്ദര്‍ മോഹന്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെ ചംബ് മേഖലയില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. പുറത്തുനിന്നുള്ളവരെ സ്ഥാനാര്‍ഥിയാക്കുന്നുവെന്നാണ് പരാതി
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്താമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയാവുകയാണ് പാര്‍ട്ടിക്കകത്തെ പൊട്ടിത്തെറി. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞുവെന്നും പുറത്തുനിന്നുള്ളവരെയും മറ്റു പാര്‍ട്ടികള്‍ വിട്ടുവന്നപരേയും സ്ഥാനാര്‍ഥിയാക്കുന്നുവെന്നുമാണ് പ്രാദേശിക വികാരം. ചംബ് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പരസ്യ പ്രതിഷേധവുമായി BJP അണികള്‍ രംഗത്തിറങ്ങി. രാവും പകലും പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച ഒട്ടേറെ പേരുണ്ട്. അവരില്‍ ആരെയങ്കിലും സ്ഥാനാര്‍ഥിയാക്കണം. ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഹിഷ്കരിക്കുമെന്നും പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്നു. ചംബില്‍ രാജീവ് ശര്‍മയെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്.
ഏതാനും ജില്ലാ സെക്രട്ടറിമാരും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ജമ്മു ഈസ്റ്റില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ചന്ദര്‍ മോഹന്‍ ശര്‍മയും കഴിഞ്ഞദിവസം ബി.ജെ.പി. വിട്ടിരുന്നു. സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ചന്ദര്‍മോഹന്‍ അറിയിച്ചു. അതേസമയം മുതിര്‍ന്ന നേതാക്കളായ ജി.കിഷന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ അനുനയ ശ്രമങ്ങള്‍ തുടരുകയാണ്.