ബംഗാളില്‍ നഴ്സിനും ഒന്‍പതുകാരിക്കും നേരെ ലൈംഗികാതിക്രമം. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിന്നാലെ നോര്‍ത്ത് 24 പര്‍ഗാനാസില്‍ സംഘര്‍ഷാവസ്ഥ. ഭിര്‍ഭുമിലാണ് നഴ്സിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്‍റെ ഞെട്ടല്‍ മാറും മുന്‍പാണ് മറ്റൊരു ആരോഗ്യപ്രവര്‍ത്തക കൂടി അതിക്രമത്തിന് ഇരയായത്. ഭീര്‍ഭുമില്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ലൈംഗികാതിക്രമം. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച രോഗിയെ പരിചരിക്കുന്നതിനിടെ രോഗി നഴ്സിനെ കയറിപിടിച്ചു. നഴ്സ് ബഹളംവച്ചതോടെ ആളുകള്‍ ഓടിക്കൂടി. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മോശമായി സംസാരിച്ചെന്നുകൂടി നഴ്സ് പരാതി നല്‍കിയിട്ടുണ്ട്.
ഇതിനിടെ ഒന്‍പതുകാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് നോര്‍ത്ത് 24 പര്‍ഗാനാസില്‍ ആള്‍ക്കൂട്ടം കുറ്റാരോപിതന്‍റെ വീട് അടിച്ചുതകര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഒരു പ്രാദേശിക നേതാവ് സംഭവം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഈ കേസിലും പ്രതി അറസ്റ്റിലായി. വലിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പ്രദേശത്ത് ദ്രുതകര്‍മസേനയെ വിന്യസിച്ചു. സംസ്ഥാനത്ത് ലൈംഗികാതിക്രമക്കേസുകള്‍ വര്‍ധിച്ചുവരുന്നത് മമത സര്‍ക്കാരിന്‍റെ ഭരണപരാജയമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.