ഇന്‍സ്റ്റഗ്രാമില്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്ന വിഡിയോ പങ്കുവെച്ച യുവതിയെ രക്ഷിച്ച് മെറ്റയും യു.പി പൊലീസും. മെറ്റ എ.ഐ.യില്‍നിന്നുള്ള ജാഗ്രതാ സന്ദേശത്തിന് പിന്നാലെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ യു.പി. പൊലീസ് രക്ഷപ്പെടുത്തിയത്.

ലഖ്‌നൗവിന് സമീപം സുല്‍ത്താന്‍പുര്‍ റോഡില്‍ താമസിക്കുന്ന 22 വയസ്സുകാരിയാണ് താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തതത്. കസേരയില്‍ കയറിനിന്ന് ഷാള്‍ സീലിങ് ഫാനില്‍ കെട്ടി കഴുത്തില്‍ കുരുക്കിയിരിക്കുന്ന വിഡിയോയാണ് യുവതി പങ്കുവെച്ചത്. 

ശനിയാഴ്ച ഉച്ചയ്ക്ക് 12.11-ഓടെയാണ് യുവതി ഈ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വിഡിയോ വയലന്‍സ് ഉള്ളടക്കമുള്ളതാണെന്ന് കണ്ടെത്തിയ മെറ്റ യു.പി പൊലീസിന് സന്ദേശമയച്ചു. യുവതി വിഡിയോ പോസ്റ്റ് ചെയ്ത ലൊക്കേഷന്‍ അടക്കമാണ് സന്ദേശം അയച്ചത്. ഉടന്‍ തന്നെ പൊലീസ് തൊട്ടടുത്ത പൊലീസ് സ്റ്റേഷനായ നിഗോഹ സ്‌റ്റേഷനിലേക്ക് വിവരം കൈമാറുകയും നാലു മിനിറ്റില്‍ സംഘം യുവതിയുടെ വീട്ടില്‍ എത്തി യുവതിയെ രക്ഷിച്ചു. 

നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രണയവിവാഹത്തിന് ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചതാണ് യുവതിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. യുവാവിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം കുമത്തി കേസെടുത്തിട്ടുണ്ട്. യുവതി ജീവനൊടുക്കാന്‍ ശ്രമിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് നീക്കംചെയ്തതായും പൊലീസ് അറിയിച്ചു

മെറ്റ ഒന്നരവര്‍ഷത്തോളമായി യു.പി. പൊലീസ്  ഇത്തരം വിവരങ്ങള്‍ കൈമാറുന്നുണ്ട്. ഇതിലൂടെ കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ 460 പേരുടെ ജീവന്‍ രക്ഷിക്കാനായെന്നും പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

An Alert From Meta AI Helps Cops Stop Lucknow Woman From Dying By Suicide