രണ്‍തംഭോര്‍ ദേശീയ ഉദ്യാനത്തില്‍ ജംഗിള്‍ സഫാരി നടത്തിയ സഞ്ചാരികള്‍ക്ക് നേരെ ചാടി വീണ് കടുവ. ശ്വാസം നിലച്ച് പോകുന്ന ദൃശ്യങ്ങളാണ് രണ്‍തംഭോര്‍ ദേശീയ പാര്‍ക്ക് അധികൃതര്‍ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. കാടും റോഡും തമ്മില്‍ വേര്‍തിരിക്കുന്ന കലുങ്കിന് സമീപം നിന്ന വിനോദ സഞ്ചാരികളുടെ നേരെയാണ് അപ്രതീക്ഷിതമായി കടുവ ചാടി വീണത്. സഞ്ചാരികള്‍ ഭയചകിതരായെങ്കിലും ഒന്ന് നോക്കിയ ശേഷം, കടുവ കലുങ്കിലൂടെ നടന്ന് നീങ്ങുകയായിരുന്നു. എന്തും സംഭവിക്കാമായിരുന്ന നിമിഷങ്ങളാണ് കടന്നുപോയതെന്ന് സഞ്ചാരികള്‍ പറയുന്നു.
കടുവയെ ഏറ്റവുമടുത്ത് കാണാന്‍ സാധിക്കുന്ന സ്ഥലങ്ങളിലൊന്നാണ് രണ്‍തംഭോറിലെ ദേശീയ ഉദ്യാനം. കാട്ടുവഴികളില്‍ എവിടെ നിന്നും വന്യജീവികള്‍ പ്രത്യക്ഷപ്പെടാം. കാടിനുള്ളിലൂടെയുള്ള യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് മതിയായ നിര്‍ദേശങ്ങള്‍ അധികൃതര്‍ വിനോദ സഞ്ചാരികള്‍ക്ക് നല്‍കുന്നതും പതിവാണ്. എന്നാല്‍ അപ്രതീക്ഷിതമായി കടുവ മുന്നിലേക്ക് വന്ന് ചാടിയാല്‍ ആരും ഭയന്നുപോകുമെന്ന് പാര്‍ക്ക് അധികൃതരും പറുന്നു. രണ്‍തംഭോറിലെ ജംഗിള്‍ സഫാരി കൃത്യമായ സുരക്ഷയൊരുക്കി തന്നെയാണ് നടത്തുന്നതെന്നും വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
സമ്മിശ്ര പ്രതികരണമാണ് വിഡിയോയ്ക്ക് ചുവടെ നിറയുന്നത്. ത്രില്ലര്‍ നിമിഷമെന്ന് ചിലരും മനോഹരമെന്ന് മറ്റ് ചിലരും കുറിക്കുമ്പോള്‍ പേടിച്ച് ജീവന്‍ പോകാതിരുന്നത് ഭാഗ്യമെന്നാണ് മറ്റു ചിലര്‍ കുറിക്കുന്നത്.