leavenworth-front-street

ലെവന്‍വര്‍ത്തില്‍ അലങ്കരിച്ച തെരുവിലൂടെ നടന്നുപോകുന്ന ടൂറിസ്റ്റുകള്‍

  • ഈ നഗരത്തില്‍ ക്രിസ്മസ് വെറും ആഘോഷമല്ല, അനുഭവമാണ്!
  • ഒരിക്കല്‍ ആര്‍ക്കും വേണ്ടാതിരുന്ന ഭൂമി, ഇന്ന് ലക്ഷങ്ങളുടെ ലക്ഷ്യസ്ഥാനം

അമേരിക്കയില്‍ ഏറ്റവും മനോഹരമായ ക്രിസ്മസ് എവിടെയെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. ലെവന്‍വര്‍ത്ത്! വാഷിങ്ടണില്‍ കാസ്കേ‍ഡ് മലനിരകളുടെ കിഴക്കന്‍ ചരിവുകളിലുള്ള ഒരു ചെറുപട്ടണം. പസഫിക് നോര്‍ത്ത് വെസ്റ്റിന്റെ ക്രിസ്മസ് ക്യാപ്പിറ്റല്‍ എന്നാണ് ലെവന്‍വര്‍ത്ത് അറിയപ്പെടുന്നത്. ദശലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് വര്‍ഷംതോറും ഇവിടെ എത്തുന്നത്. അതില്‍ പലരും എല്ലാ വര്‍ഷവും ലെവന്‍വര്‍ത്തില്‍ എത്തുന്നവരാണ്. എന്നാല്‍ അരനൂറ്റാണ്ടുമുന്‍പ് ഇതായിരുന്നില്ല അവസ്ഥ.

greater-leavenworth-museum

ഗ്രേറ്റര്‍ ലെവന്‍വര്‍ത്ത് മ്യൂസിയത്തിലുള്ള ലെവന്‍വര്‍ത്തിന്‍റെ പഴയ ചിത്രങ്ങള്‍

1960കളില്‍ ഏറെക്കുറെ ജനവാസമില്ലാതായ, അക്ഷരാര്‍ഥത്തില്‍ ഗോസ്റ്റ് ടൗണ്‍ എന്നൊക്കെ വിളിക്കാവുന്ന അവസ്ഥയിലായിരുന്നു ലെവന്‍വര്‍ത്ത്. ഖനികള്‍ പൂട്ടി, ഈര്‍ച്ചമില്ലുകള്‍ നിര്‍ത്തി, റെയില്‍വേ ലൈന്‍ പോലും ഉപേക്ഷിച്ചു. തൊഴിലില്ലാതെ പ്രദേശവാസികള്‍ പട്ടിണിയിലായി. മേഖലയിലെ ഏറ്റവും ദരിദ്രമായ സമൂഹങ്ങളില്‍ ഒന്നായിരുന്നു അക്കാലത്ത് ലെവന്‍വര്‍ത്ത്. ഒട്ടേറെപ്പേര്‍ തൊഴില്‍തേടി മറ്റ് സ്ഥലങ്ങളിലേക്ക് പോയതോടെ ഇവിടെ ആള്‍പ്പാര്‍പ്പില്ലാത്ത അവസ്ഥയോളമെത്തി.

leavenworth-mural

ലെവന്‍വര്‍ത്തില്‍ നഗരപ്രാന്തത്തിലുള്ള കെട്ടിടത്തിലെ ഒരു ചുമര്‍ചിത്രം

നാടിന്‍റെ അവസ്ഥയില്‍ മനംമടുത്ത ലെവന്‍വര്‍ത്തിലെ വ്യാപാരികള്‍ ഒടുവില്‍ സാഹസികമായ ഒരു തീരുമാനമെടുത്തു. പട്ടണത്തിന്‍റെ ഒരുഭാഗത്തെ തികച്ചും പരമ്പരാഗത രീതിയിലുള്ള ഒരു ബവേറിയന്‍ ഗ്രാമമാക്കി മാറ്റുക. ആ സംസ്കാരവും ജീവിതരീതിയും ആഘോഷങ്ങളും നിര്‍മാണശൈലിയുമെല്ലാം ഉള്‍പ്പെട്ട ഒരു തനി ജര്‍മന്‍ ബവേറിയന്‍ ഗ്രാമം. സര്‍ക്കാര്‍ പണം നല്‍കില്ല. ഒടുവില്‍ സ്വന്തം നിലയ്ക്ക് വായ്പകളെടുത്ത് അവര്‍ ലക്ഷ്യത്തിലെത്തി.

peacock-display-leavenworth

ലെവന്‍വര്‍ത്തിലെ ക്രിസ് ക്രിംഗിളില്‍ ഒരുക്കിയ മയില്‍ ശില്‍പം നോക്കുന്ന സഞ്ചാരി

ആദ്യം സമീപപ്രദേശങ്ങളില്‍ നിന്ന്  സന്ദര്‍ശകര്‍ വന്നുതുടങ്ങി. പിന്നെ ലെവന്‍വര്‍ത്ത് വാഷിങ്ടണില്‍ പ്രസിദ്ധമായി. ഹൈക്കിങ്ങും സ്കീയിങ്ങും ഫിഷിങ്ങും ഷോപ്പിങ്ങും എല്ലാം മറക്കാനാകാത്ത അനുഭവമായതോടെ അമേരിക്കയിലെമ്പാടും നിന്ന് അവധി ആഘോഷിക്കാനും ഉല്‍സവസമയങ്ങളിലും ആളുകള്‍ പ്രവഹിച്ചു. അമേരിക്കയ്ക്ക് പുറത്തുനിന്നും സഞ്ചാരികളുടെ പ്രവാഹമാണ് ഇവിടേക്ക്. പ്രത്യേകിച്ച് ക്രിസ്മസ്, പുതുവല്‍സരകാലത്ത്.

leavenworth-horse

എട്ടുവയസുകാരി അന്ന ജാര്‍സ്കി ലെവന്‍വര്‍ത്തിലെ ഒലാവ് എന്ന കുതിരയെ കൈ കാട്ടുന്നു

ഗ്രേറ്റര്‍ ലെവന്‍വര്‍ത്ത് മ്യൂസിയത്തില്‍ മാത്രം കഴിഞ്ഞവര്‍ഷം എത്തിയത് 30 ലക്ഷത്തോളം പേരാണെന്ന് മ്യൂസിയം പ്രസിഡന്റ് മാറ്റ് കേഡ് വെളിപ്പെടുത്തി. സഞ്ചാരികളുടെ തള്ളിക്കയറ്റം ഇവിടത്തെ ജീവിതച്ചെലവ് ഉയര്‍ത്തുമോയെന്ന ആശങ്ക പ്രദേശവാസികള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ നല്ല വരുമാനം ഉറപ്പാക്കുന്നതിനൊപ്പം ചെലവുകുറഞ്ഞ നല്ല ഭവനപദ്ധതികളും മറ്റ് സേവനങ്ങളുമായി ഭരണകൂടം ഈ ആശങ്ക അകറ്റി.

leavenworth-infant-christmas

8 മാസം പ്രായമുള്ള അകേഷ്യ അമ്മ അലിസണ്‍ എപ്സമിനൊപ്പം ക്രിസ്മസ് സ്റ്റോറില്‍

ഡിസംബര്‍ തുടങ്ങിയതോടെ ഇവിടത്തെ ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റ് ഉണര്‍ന്നു. കൊയര്‍ സംഘങ്ങള്‍, കാരള്‍ സംഘങ്ങള്‍, തട്ടുകടകള്‍ പോലെയുള്ള ചെറിയ ഫുഡ‍് സ്റ്റാളുകള്‍ എല്ലാമായി തകര്‍പ്പന്‍ വൈബ്. ഒപ്പം നാട്ടുകാര്‍ക്കും വരുന്നവര്‍ക്കും പങ്കെടുക്കാവുന്ന രസകരമായ മല്‍സരങ്ങള്‍. ഡൗണ്‍ടൗണ്‍ ഏരിയയില്‍ ക്രിസ്മസ് വിളക്കുകള്‍ തെളിക്കുന്ന ചടങ്ങ് ഏറെ പ്രശസ്തമാണ്. ശനിയും ‍ഞായറുമായിരുന്നു ഇത് നടന്നിരുന്നത്. തിരക്ക് വര്‍ധിച്ചതോടെ ഫെബ്രുവരി വരെ എല്ലാ ദിവസവും ഈ വിളക്കുകള്‍ തെളിക്കുന്ന നിലയിലേക്ക് മാറി.

leavenworth-lights

ലെവന്‍വര്‍ത്തിലെ ഫ്രണ്ട് സ്ട്രീറ്റില്‍ ഒരുക്കിയ ക്രിസ്മസ് ദീപാലങ്കാരം

ഇന്ന് ലെവന്‍വര്‍ത്ത് സഞ്ചാരികള്‍ക്ക് സന്തോഷത്തിന്റെയും ആഘോഷത്തിന്‍റെയും പ്രതീകമാണ്. തികച്ചും ഗ്രാമീണാന്തരീക്ഷത്തില്‍, ആ സംസ്കാരത്തിന്‍റെ ആഹ്ലാദങ്ങള്‍ പങ്കുവച്ച് ഒത്തുചേരുന്ന പതിനായിരങ്ങളെ ഇവിടെ കാണാം. വരുന്നവര്‍ പിന്നെയും വരുന്നതുകൊണ്ട് ഇവിടത്തെ പല കടകളും റസ്റ്ററന്‍റുകളും മ്യൂസിയങ്ങളും പാര്‍ക്കുകളുമൊക്കെ ഐക്കണിക് പദവി കൈവരിച്ചിട്ടുണ്ട്. ഇനിയുമിനിയും ഇവിടേക്ക് വരുമെന്ന് പറയുന്നവരാണ് ലെവന്‍വര്‍ത്തിന്‍റെ അംബാസഡര്‍മാര്‍. 

leavenworth-event

ലെവന്‍വര്‍ത്തിലെ പരമ്പരാഗത ആഘോഷങ്ങള്‍ക്ക് വേഷമിട്ട് നില്‍ക്കുന്ന ക്രാംപസ് ഗ്രൂപ്പ് അംഗങ്ങള്‍

ENGLISH SUMMARY:

Leavenworth, a small town in Washington's Cascade Mountains, is renowned as the "Christmas Capital of the Pacific Northwest," attracting millions of tourists annually, especially during the festive season. Once a near-abandoned ghost town in the 1960s, the community transformed it into a traditional Bavarian village, complete with German culture, architecture, and celebrations. Today, it hosts vibrant Christmas markets, carolers, food stalls, and iconic light displays, drawing visitors from across the U.S. and beyond. Leavenworth has become a symbol of joy and celebration, with its thriving businesses, parks, and museums creating unforgettable experiences for visitors who often return year after year.