തുടര്‍ച്ചയായ രണ്ടാം ദിവസവും മഴ മാറിനിന്നിട്ടും ആന്ധ്രപ്രദേശിലെ പ്രളയക്കെടുതിക്ക് അറുതിയില്ല. വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും നാലര ലക്ഷം പേരെ ബാധിച്ച പ്രളയത്തിന്റെ ദുരിതം തുടരുകയാണ്. വിജയവാഡയിൽ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് കുട്ടയില്‍ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പ്രളയ ഭീകരതയുടെ നേര്‍സാക്ഷ്യമായി. അതിനിടെ നാളെ മുതല്‍ വീണ്ടും മഴ പെയ്തേക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇരുസംസ്ഥാനങ്ങളെയും ആശങ്കയിലാക്കുന്നുണ്ട്. ബെംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം നാളത്തോടെ രൂപം കൊള്ളുമെന്നാണു മുന്നറിയിപ്പ്.
ബെംഗളാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ പ്രളയത്തിന്രെ ഭീകരത ഈയൊരു ചെറുദൃശ്യത്തിലുണ്ട്. കെട്ടിടങ്ങളടക്കം വെള്ളത്തിനടിയിലായ വിജയവാഡ സിങ് നഗറിലെ വീട്ടില്‍ നിന്നും രക്ഷാതീരത്തേക്കു പോവുകയാണു മാസങ്ങള്‍ മാത്രം പ്രായമുള്ള കുരുന്ന്. കഴുത്തറ്റം വെള്ളമുള്ളതിനാല്‍ കുഞ്ഞിനെ പ്ലാസ്റ്റിക് കുട്ടയില്‍ കിടത്തി വെള്ളത്തിലൂടെ ഒഴുക്കികൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ക്ക് പരക്കെ കയ്യടിയാണ്.
പ്രളയം തകര്‍ത്ത വിജയവാഡ നഗരത്തിന്റെ പലഭാഗങ്ങളിലേക്കും ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കടുന്നുചെല്ലാനായിട്ടില്ല. കെട്ടിടങ്ങളുടെ ടെറസുകള്‍ക്കു മുകളില്‍ ദിവസങ്ങളായി കഴിച്ചുകൂട്ടുന്ന ആയിരങ്ങള്‍ക്ക് ആശ്വാസം സൈന്യം എയര്‍ട്രോപ്പ് വഴി നല്‍കുന്ന ഭക്ഷണവും മരുന്നുകളുമാണ്. ദേശീയ ദുരന്തനിവാരണസേനയുടെ 19ഉം സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 17ഉം യൂണിറ്റുകള്‍ രാപകലില്ലാതെ അധ്വാനിക്കുന്നുണ്ട്. കമ്മത്ത് വെള്ളം കയറി പാലത്തില്‍ കുടുങ്ങിയ 9 പേരെ രക്ഷിച്ച സുഹാര്‍ഖാനെന്നയാള്‍ തെലങ്കാനയുടെ ഹീറോയാണിന്ന്. കുത്തിയൊഴുകുന്ന വെള്ളത്തെ കൂസാതെ സ്വന്തം മണ്ണുമാന്തി യന്ത്രവുമായെത്തിയാണ് പാലത്തിനു മുകളിലെ ആളുകളെ സുഹാര്‍ഖാന്‍ രക്ഷിച്ചത്. മണ്ണുമാന്തി യന്ത്രത്തില്‍ പത്തുകിലോമീറ്ററിലധികം സഞ്ചരിച്ചു കുടുങ്ങികിടക്കുവര്‍ക്ക് അരികിലേക്കെത്തിയ 72കാരനായ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും സമൂഹമാധ്യമങ്ങളില്‍ വന്‍കയ്യടിയാണ്.