ആരോഗ്യം വീണ്ടെടുത്ത് ബേബി ഓഫ് രഞ്ജിത... കൊച്ചിയിൽ ജനിച്ചയുടൻ മാതാപിതാക്കൾ ഉപേക്ഷിച്ചു പോയ പെൺകുഞ്ഞിനെ ഓർക്കുന്നില്ലേ? ഒന്നരമാസമായിട്ടും ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ കുഞ്ഞിനെ തേടി എത്തിയിട്ടില്ല.
ജനനസമയത്ത് ഒരു കിലോയിൽ താഴെ മാത്രം തൂക്കം ഉണ്ടായിരുന്ന കുഞ്ഞിന് ഇപ്പോൾ ഒന്നര കിലോയിലേറെ ഭാരമുണ്ട്. തൂക്കം രണ്ട് കിലോ ആയാൽ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ആശുപത്രിയിൽ നിന്നും കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറാനാണ് തീരുമാനം. മാസം തികയാതെ പിറന്ന കുഞ്ഞിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ എൻ ഐ സി യു വിൽ ഉപേക്ഷിച്ച്, ജാർഖണ്ഡലേക്ക് പോയ മാതാപിതാക്കൾ ഇനി മടങ്ങിവരുമെന്ന പ്രതീക്ഷ സർക്കാരിന് കുറവാണ്.
മാതാപിതാക്കൾ എത്തിയില്ലെങ്കിൽ, കുഞ്ഞിന്റെ സംരക്ഷണം പൂർണമായും സി ഡബ്ല്യു സി ഏറ്റെടുക്കും. ബേബി ഓഫ് രഞ്ജിത എന്ന പേരിൽ തന്നെയാണ് കുട്ടി ഇപ്പോഴുമുള്ളത്. ശിശുക്ഷേമ സമിതി ഏറ്റെടുത്തതിനു ശേഷം കുട്ടിക്ക് മറ്റൊരു പേരിടും. സ്വകാര്യ ആശുപത്രിയിൽ പിറന്ന കുട്ടിയുടെ ചികിത്സയ്ക്ക് ചെലവായ ഒന്നരലക്ഷം രൂപ ശിശുക്ഷേമ സമിതിയുടെ ബാലനിധിയിൽ നിന്നാണ് അടച്ചത്. ശിശുക്ഷേമ സമിതിയുടെ മുഴുവൻസമയ നിരീക്ഷണത്തിലാണ് ജനറൽ ആശുപത്രിയിലുള്ള കുട്ടി.