ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍  സഥാനത്തെത്തിയിട്ട് നാളെ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഗവര്‍ണര്‍ സ്ഥാനത്തിന് മുന്‍പില്ലാത്ത രാഷ്ട്രീയ മാനവും കരുത്തും പകര്‍ന്നു നല്‍കിയത് ആരിഫ് മുഹമ്മദ് ഖാനാണ്.  പുതിയ ഗവര്‍ണറെ രാഷ്ട്രപതി നിയമിക്കും വരെ അദ്ദേഹത്തിന് തല്‍സ്ഥാനത്ത് തുടരാം. പുതിയ ഗവര്‍ണറെ നിയമിക്കണമെങ്കില്‍ എന്‍.ഡി.എയുടെ രാഷ്ട്രീയ തീരുമാനം വരുകയും വേണം. 

പരസ്യ പ്രതിഷേധവും പ്രതികരണങ്ങളും കൊണ്ട‌് സംസ്ഥാനത്തിന്‍റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിയ ആരിഫ് മുഹമ്മദാഖാനെപോലെ മറ്റൊരു ഗവര്‍ണര്‍ കേരള ചരിത്രത്തില്‍ ഇല്ല. 2019 ല്‍കേരള ഗവര്‍ണരായി ചുമതല ഏറ്റെടുത്തതുമുതല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചും സര്‍വകലാശാല ഭരണം നേരിട്ട് ഏറ്റെടുത്തും രാഷ്ട്രീയമായ അഭിപ്രായപ്രകടനം നടത്തിയും ആരിഫ് മുഹമ്മദാ ഖാന്‍ ഗവര്‍ണര്‍പദവി വെറുമൊരു അലങ്കാരമല്ല എന്ന് ആവര്‍ത്തിച്ച് തെളിയിച്ചു. 

രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം നടത്തി സര്‍ക്കാരിനെ തുറന്ന് വിമര്‍ശിക്കുന്നതു മുതല്‍ വൈസ് ചാന്‍സല്‍മാരെ കൂട്ടത്തോടെ അയോഗ്യരാക്കുന്നത് വരെ അസാധാരണ നടപടികളുടെ തുടര്‍ക്കഥയാണ് ആരിഫ് മുഹമ്മദ്ഖാന്‍റെ ഗവര്‍ണര്‍ സ്ഥാനം. എസ്.എഫ് ഐ പ്രതിഷേധത്തെ ഗവര്‍ണര്‍  തെരുവില്‍നേരിട്ടതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതുവരെയെത്തിച്ചേര്‍ന്നു.

നയപ്രഖ്യാപന പ്രസംഗത്തിന് എത്തില്ലെന്ന് പറഞ്ഞ് സര്‍ക്കാരിനെ മുള്‍മുനയില്‍നിറുത്തി പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റുന്നതില്‍വരെ ആരിഫ് മുഹമ്മദ്ഖാന്‍ പിടിവാശി  കാണിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിനും ഗവര്‍ണര്‍ എപ്പോഴും തയ്യാര്‍. സന്തോഷങ്ങളിലും സങ്കടങ്ങളിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എക്കാലത്തെയും ജനകീയനായ ഗവര്‍ണര്‍ എന്ന ഖ്യാതിയും ആരിഫ് മുഹമ്മദ്ഖാന് സ്വന്തം. 

ENGLISH SUMMARY:

Arif Muhammad Khan completed five years