മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച നടത്താനുദ്ദേശിച്ചെത്തിയ കളളന്‍ ചുമരില്‍ നിന്നു വീണ് കാലും നട്ടെല്ലും ഒടിഞ്ഞ് ആശുപത്രിയിലായി. 15കോടി വിലമതിക്കുന്ന വസ്തുക്കള്‍ അടിച്ചുമാറ്റാമെന്ന സ്വപ്നം അതോടെ തകര്‍ന്നടിഞ്ഞു. ഭോപ്പാലിലാണ് സംഭവം. 25 അടി ഉയരമുള്ള ചുമരില്‍ നിന്നാണ് കള്ളന്‍ താഴെ വീണത്.
മോഷണത്തിനായി മ്യൂസിയത്തിലേക്ക് കള്ളന്‍ കയറിയ സമയത്ത് സുരക്ഷാ മാനദണ്ഡങ്ങളൊന്നും പ്രവര്‍ത്തിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അലാം മുഴങ്ങിയില്ലെന്നും സിസിടിവി പ്രവര്‍ത്തനരഹിതമായിരുന്നെന്നും പൊലിസ് പറയുന്നു. മ്യൂസിയത്തിന്റെ വാതില്‍ പോലും ഒന്നു തള്ളിയാല്‍ നിലംപതിയുന്ന തരത്തിലുള്ളതായിരുന്നെന്നും ഡിസിപി പറയുന്നു.
ബിഹാര്‍ ഗയ സ്വദേശിയായ 49കാരന്‍ വിനോദ് യാദവ് ആണ് മ്യൂസിയത്തില്‍ മോഷണത്തിനു ശ്രമിച്ചത്. ആറ് മാസങ്ങള്‍ക്കു മുന്‍പ് ഈ മ്യൂസിയം സന്ദര്‍ശിച്ചിട്ടുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. തന്റെ കുഞ്ഞുങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനാണ് 15കോടി വിലമതിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്ന മ്യൂസിയം കൊള്ളയടിക്കാന്‍ തീരുമാനിച്ചതെന്നും വിനോദ് വ്യക്തമാക്കുന്നു. എന്നാല്‍ മോഷണത്തിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിച്ച് നട്ടെല്ലും കാലും ഒടിയുകയായിരുന്നു.
വാതിലും ഷോകേസും കുത്തിത്തുറക്കാന്‍ പാകമായ ആയുധങ്ങളുമായാണ് ഇയാള്‍ എത്തിയതെന്നും പൊലീസ് കണ്ടെത്തി. കൂട്ടുപ്രതികളാരെങ്കിലുമുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. എസ്ഐടി ടീം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.