‘അവനെ വിടരുത്. അവനെ പാഠം പഠിപ്പിക്കണം, അവനെപ്പോലുള്ളവര്‍ ജീവിച്ചിരിക്കാന്‍ പാടില്ല’. അശ്ലീലസന്ദേശം അയച്ച ആരാധകനെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് തല്ലിച്ചതയ്ക്കുമ്പോള്‍ കന്നട നടി പവിത്ര ഗൗഡ പറഞ്ഞ വാക്കുകളാണിത്. ഇതിനുപിന്നാലെയാണ് പവിത്രയുടെ കാമുകനും കന്നഡ സൂപ്പര്‍താരവുമായ ദര്‍ശന്‍ വര്‍ധിതവീര്യത്തോടെ രേണുകസ്വാമി എന്ന യുവാവിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന് കര്‍ണാടക പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന്റെ ആരെയും നടക്കുന്ന വിശദാംശങ്ങളാണ് കുറ്റപത്രത്തിലുള്ളത്.

നടി പവിത്രയുടെ ആരാധകനായിരുന്നു കൊല്ലപ്പെട്ട രേണുകസ്വാമി. ഗൗതം_കെഎസ്_1990 എന്ന വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ഇയാള്‍ പവിത്രയ്ക്ക് സന്ദേശങ്ങളയച്ചിരുന്നു. കാമുകനായ ദര്‍ശനെ ഉപേക്ഷിച്ച് പവിത്ര തന്നോടൊപ്പം വരണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. പവിത്രയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും തന്റെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങളും മെസേജുകളില്‍ അയയ്ക്കാന്‍ തുടങ്ങിയതോടെ നടി രോഷാകുലയായി. വിവരം ദര്‍ശനെയും ചിത്രദുര്‍ഗ ജില്ലയിലെ ദര്‍ശന്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാഘവേന്ദ്രയെയും അറിയിച്ചു.

രാഘവേന്ദ്ര ഒരു സ്ത്രീയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി രേണുകസ്വാമിക്ക് സന്ദേശങ്ങളയച്ചു. അയാളുടെ യഥാര്‍ഥപേരും വിവരങ്ങളും കണ്ടെത്തി. തുടര്‍ന്ന് ഗൂണ്ടാസംഘവുമായി രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ആര്‍ആര്‍ നഗറിലെ പാര്‍ക്കിങ് യാര്‍ഡിലെത്തിച്ചു. തുടര്‍ന്ന് പവിത്രയെയും ദര്‍ശനെയും വിവരമറിയിച്ചു. രാജരാജേശ്വരി നഗറിലെ ബ്രൂക്സ് റസ്റ്ററന്റില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന ദര്‍ശന്‍ അവിടെ നിന്ന് പവിത്രയുടെ വീട്ടിലെത്തി അവരെയും കൊണ്ട് പാര്‍ക്കിങ് യാര്‍ഡിലെത്തി.

ആര്‍ആര്‍ നഗറില്‍ എത്തിക്കും മുന്‍പുതന്നെ രാഘവേന്ദ്രയും സംഘവും രേണുകസ്വാമിയെ അടിച്ച് അവശനാക്കിയിരുന്നു. പാര്‍ക്കിങ് യാര്‍ഡിലെത്തിയ പവിത്ര തന്റെ ചെരുപ്പുപയോഗിച്ച് രേണുകസ്വാമിയുടെ മുഖത്തും ശരീരത്തിലും പലവട്ടം ആഞ്ഞടിച്ചു. തുടര്‍ന്ന് കാമുകനോട് അവനെ വെറുതെവിടരുതെന്ന് ആക്രോശിക്കുകയും ചെയ്തു. രേണുകസ്വാമിയുടെ മുഖത്തെ രക്തം ചെരുപ്പില്‍ പറ്റിയതുകണ്ട് ദര്‍ശന് ദേഷ്യം ഇരട്ടിച്ചു. തുടര്‍ന്ന് അയാളും സംഘവും രേണുകസ്വാമിയെ മൃഗീയമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

രേണുകസ്വാമിയുടെ ജനനേന്ദ്രിയത്തില്‍ സംഘം ഷോക്കടിപ്പിച്ച് രസിക്കുകയും ചെയ്തിരുന്നു. ഇലക്ട്രിക് ലീക്കേജ് ടെസ്റ്റിന് ഉപയോഗിക്കുന്ന മെഗറാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. ഓണ്‍ലൈനിലാണ് ഈ ഉപകരണം വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം രാഘവേന്ദ്രയും സംഘവും ചേര്‍ന്ന് കാമാക്ഷിപാളയയില്‍ അഴുക്കുചാലില്‍ തള്ളി. കൊല്ലപ്പെട്ട രേണുകസ്വാമിയുടെ ചിത്രങ്ങള്‍ സംഘത്തില്‍പ്പെട്ട ചിലര്‍ മൊബൈലില്‍ എടുത്തിരുന്നു. കൊലപാതകത്തിനുശേഷം മൂന്നുപേര്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസില്‍ കീഴടങ്ങി. എന്നാല്‍ തുടരന്വേഷണത്തില്‍ ദര്‍ശനും പവിത്രയും സംഘവുമാണ് കൊലനടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

വ്യാജപ്രതികളായി ഹാജരായ നിഖില്‍ നായിക്ക്, കേശവമൂര്‍ത്തി, കാര്‍ത്തിക് എന്നിവരെയും കൊലക്കേസില്‍ പ്രതിചേര്‍ത്തു. ക്രിമിനല്‍ ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്. മറ്റ് 14 പ്രതികള്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള മര്‍ദനം, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. 17 പ്രതികളും പല ജയിലുകളിലായി കഴിയുകയാണ്. മൂന്ന് ദൃക്സാക്ഷികളുള്ള കേസില്‍ 27 പേര്‍ മജിസ്ട്രേറ്റ് മുന്‍പാകെ രഹസ്യമൊഴി നല്‍കിയിരുന്നു. മറ്റ് 97 സാക്ഷികള്‍ പൊലീസിനും മൊഴി നല്‍കി.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍, കോള്‍ റെക്കോര്‍ഡ്, വാട്സാപ് സന്ദേശങ്ങള്‍, സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സസ് ലബോറട്ടറിയുടെ റിപ്പോര്‍ട്ടുകള്‍ തുടങ്ങി അനേകം ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ഹാജരാക്കി. ദര്‍ശന്റെയും മറ്റ് പ്രതികളുടെയും വീടുകളില്‍ നിന്ന് പിടിച്ചെടുത്ത പണവും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും തെളിവുകളുടെ ഭാഗമാണ്. അന്വേഷണം പൂര്‍ത്തിയായിട്ടില്ല.

ENGLISH SUMMARY:

Kannada actor Darshan case: Photo emerges showing Renukaswamy pleading for life before murder