ചൂരല്‍മല– മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ മരിച്ചതായി കണക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ഉള്‍പ്പെടെ നല്‍കാനുള്ള നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിനായി പ്രാദേശിക തലത്തിലും സംസഥാന തലത്തിലും രണ്ടു സമിതികള്‍ രൂപീകരിച്ച് ഉത്തരവിറങ്ങി.
ചൂരല്‍മലയിലും മുണ്ടകൈയിലും കാണാമറയത്തേക്ക് പോയത് 35 പേരാണ്. പലഘട്ടങ്ങളായുള്ള തിരച്ചിലിലും കണ്ടെത്താനാവാത്തവരുടെ കുടുംബങ്ങളുടെ സ്ഥിതി അതീവ സങ്കീര്‍ണമാണ്. ഇവര്‍ക്ക് ധനസഹായവും വീടും ഉള്‍പ്പെടെയുള്ളവ നല്‍കണമെങ്കില്‍ കാണാതായവര്‍ മരിച്ചതായി കണക്കാക്കണം, അതിന് ഒൗദ്യോഗികമായ സ്ഥിരീകരണവും വേണം. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും രണ്ടു സമിതികള്‍സര്‍ക്കാര്‍ രൂപീകരിച്ചു.
പ്രാദേശിക സമിതിയില്‍ വില്ലേജ് ഒാഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, എസ്എച്ച്ഒ എന്നിവര്‍ അംഗങ്ങളാണ്. കാണാതായവരുമായി ബന്ധപ്പെട്ടുള്ള എഫ്.ഐ.ആര്‍ പരിശോധിച്ച് ഇവര്‍ റിപ്പോര്‍ട്ട് നല്‍കും. കാണാതായവരുടെ പട്ടിക ജില്ലാദുരന്തനിവാരണ അതോറിറ്റിയാണ് തയാറാക്കുക. ആഭ്യന്തര വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സംസഥാനതല സമിതി ഇതിന്‍റെ അടിസ്ഥാനത്തില്‍ ഉരുള്‍പൊട്ടലില്‍ കാണാതയവരെ മരിച്ചവരായി കണക്കാക്കണമെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. റിപ്പോര്‍ട്ട് അംഗീകരിച്ചശേഷം മരണ സര്‍ട്ടിഫിക്കറ്റ് കുടുംബാംഗങ്ങള്‍ക്ക് നല്‍കും. ഇതിനു ശേഷമാകും ധനസഹായം വീട് എന്നിവ നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങുക.