വാര്‍ത്താഏജന്‍സിയായ എഎന്‍ഐയുമായി ബന്ധപ്പെട്ട കേസില്‍ ജനപ്രിയ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ വിക്കിപീഡിയയ്ക്കുനേരെ കണ്ണുരുട്ടി ഡല്‍ഹി ഹൈക്കോടതി. ഇന്ത്യയോട് താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്ത് ഇന്ത്യയില്‍ ജോലി ചെയ്യരുതെന്നും കോടതിയലക്ഷ്യ നോട്ടിസില്‍ പറയുന്നു. ഇന്ത്യൻ നിയമങ്ങൾ പാലിക്കാത്തതിനെതിരെ കോടതി വിക്കിപീഡിയയ്ക്ക് മുന്നറിയിപ്പും നൽകി. ഇന്ത്യക്കെതിരെ നില്‍ക്കുകയാണെങ്കില്‍ വിക്കിപീഡിയ സൈറ്റ് ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോടതി വ്യക്തമാക്കി.
ന്യൂസ് ഏജന്‍സിയായ എഎന്‍ഐ നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി രൂക്ഷഭാഷയില്‍ പ്രതികരിച്ചത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രചാരണ ആയുധമാണ് എഎന്‍ഐ എന്ന നിലയില്‍ എഡിറ്റ് ചെയ്ത പരാമര്‍ശമാണ് കേസിനടിസ്ഥാനം. എഴുതാനും തിരുത്താനും ആര്‍ക്കും സ്വാതന്ത്ര്യമുള്ള വിക്കിപീഡിയ പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. എഡിറ്റ് ഓപ്ഷനില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാത്തതിനാല്‍ പലപ്പോഴും സത്യസന്ധമല്ലാത്ത വിവരങ്ങളും ഇതില്‍ കടന്നുകൂടാറുണ്ട്.
എഎന്‍ഐയെക്കുറിച്ചുള്ള എഡിറ്റിങ് നടത്തിയ മൂന്നുപേരുടെ പേരുവിവരങ്ങള്‍ കൈമാറാനും കോടതി ആവശ്യപ്പെട്ടു. കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ചില നിവേദനങ്ങൾ നൽകേണ്ടതുണ്ടെന്നും വിക്കിപീഡിയ ഇന്ത്യയിലല്ലാത്തതിനാൽ കോടതിയിൽ ഹാജരാകാൻ സമയമെടുത്തെന്നും വിക്കിപീഡിയയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
2കോടി രൂപ നഷ്ടപരിഹാരവും എഎന്‍ഐ ആവശ്യപ്പെടുന്നുണ്ട്. നിയന്ത്രണമില്ലാത്ത തിരുത്തലുകള്‍ അവസാനിപ്പിക്കാനും ഇത്തരം അപവാദപരമായ ഉള്ളടക്കം ഒഴിവാക്കാനും എഎന്‍ഐ ആവശ്യപ്പെട്ടു. 2001-ൽ ജിമ്മി വെയിൽസും ലാറി സാംഗറും ചേർന്ന് സ്ഥാപിച്ച ഈ വെബ്‌സൈറ്റ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷനാണ് നടത്തുന്നത്.