പ്രതീകാത്മക ചിത്രം

ആനയുടെ ആക്രമണം ഭയന്ന് ഒരുമിച്ച് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മൂന്ന് കുട്ടികള്‍ പാമ്പ് കടിയേറ്റ് മരിച്ചു. ജാര്‍ഖണ്ഡിലെ ഗാര്‍വ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ആനയുടെ ആക്രമണം പേടിച്ച് ഒരു കുടുംബത്തിലെ 10 കുട്ടികള്‍ വീടിന്റെ തറയില്‍ ഒരുമിച്ചാണ് കിടന്ന് ഉറങ്ങിയിരുന്നത്. ഇതില്‍ മൂന്ന് കുട്ടികളെ പാമ്പ് കടിക്കുകയായിരുന്നു. 

വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചതെന്ന് പൊലീസ് പറയുന്നു. പാമ്പുകടിയേറ്റ കുട്ടികളെ പുലര്‍ച്ചെ ഒരുമണിയോടെ പ്രദേശത്തെ മന്ത്രവാദിയുടെ അടുത്തേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് രണ്ട് കുട്ടികള്‍ മരിച്ചു. പിന്നാലെ മൂന്നാമത്തെ കുട്ടിയെ ഒരു വൈദ്യന്റെ അടുത്തെത്തിച്ചു. എന്നാല്‍ പെണ്‍കുട്ടി വഴിമധ്യേ മരിച്ചു. 

പന്നലാല്‍ കോര്‍വ(15), കാഞ്ചന്‍ കുമാരി(8), ബേബി കുമാരി(9) എന്നീ കുട്ടികളാണ് മരിച്ചത്. കാട്ടാനശല്യം രൂക്ഷമായതോടെ സുരക്ഷിത സ്ഥലങ്ങള്‍ നോക്കി കിടന്നുറങ്ങേണ്ട അവസ്ഥയിലായിരുന്നു ഗ്രാമവാസികള്‍. നാട്ടുകാരില്‍ പലരും ആനയെ പേടിച്ച് സ്കൂള്‍ കെട്ടിടത്തിന്റെ മുകളിലെല്ലാമായാണ് രാത്രി കഴിച്ചുകൂട്ടുന്നത്. ഗ്രാമത്തിന്റെ പല ഭാഗങ്ങളിലായി കൂട്ടം കൂട്ടമായും ആളുകള്‍ രാത്രി ഉറങ്ങുന്നു. 

ENGLISH SUMMARY:

Three children who were sleeping together in fear of elephant attacks, died of snakebite in a village in Jharkhand.