വ്യാജഡോക്ടര്‍ യുട്യൂബ് കണ്ട് ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് 15കാരന് ദാരുണാന്ത്യം. ബിഹാറിലാണ് സംഭവം. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞാണ് ഡോക്ടര്‍ യുട്യൂബ് വിഡിയോ കണ്ട് 15കാരനെ കീറിമുറിച്ചത്. ശസ്ത്രക്രിയക്കിടെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കാനും ശ്രമിച്ചു. എന്നാല്‍ വഴിമധ്യേ തന്നെ കുട്ടി മരണത്തിനു കീഴടങ്ങി. പിന്നാലെ വ്യാജഡോക്ടറും കൂട്ടാളികളും സ്ഥലം വിട്ടു.
15കാരനായ കൃഷ്ണകുമാറിനെ ചര്‍ദിയെത്തുടര്‍ന്നാണ് കുടുംബം സരനിലെ ഗണ്‍പതി ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ കുട്ടിയെ അഡ്മിറ്റ് ചെയ്യുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തതോടെ ചര്‍ദി നിന്നു. എന്നാല്‍ ഇതിനു പിന്നാലെ ഡോക്ടര്‍ അജിത്കുമാര്‍ പുരി കുട്ടിക്ക് ശസത്രക്രിയ ആവശ്യമാണെന്ന് പറഞ്ഞു. യുട്യൂബ് വിഡിയോ കണ്ട് ചെയ്ത ശസ്ത്രക്രിയയെത്തുടര്‍ന്ന് മകന്‍ മരിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു.
അതേസമയം ഡോക്ടര്‍ വ്യാജനാണെന്നും മെഡിക്കല്‍ ബിരുദമില്ലെന്ന് നേരത്തേ അറിഞ്ഞില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ബന്ധുക്കളുടെ സമ്മതമില്ലാതെയാണ് ഡോക്ടര്‍ കുട്ടിയുടെ ശസ്ത്രക്രിയ നടത്തിയതെന്ന് ആരോപണമുയര്‍ന്നു. സംഭവത്തില്‍ പട്ന പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണവും ഡോക്ടറുടെ വ്യാജബിരുദവും ഉള്‍പ്പെടെയാണ് അന്വേഷിക്കുക. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.