മുസ്‌ലിം സമുദായത്തില്‍ നിന്നാരുമില്ലാത്ത നാടുകള്‍ക്കെന്തിനാണ് മുസ്‌ലിം പേര് എന്ന ചോദ്യമുയര്‍ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. നാട്ടുകാരുടെ ആവശ്യപ്രകാരം പതിനൊന്ന് ഗ്രാമങ്ങളുടെ പേരുമാറ്റിയതായി മോഹന്‍ യാദവ് പറഞ്ഞു. മുഹമ്മദ് എന്ന പേരുള്ള ഒരു വ്യക്തി പോലുമില്ലാത്ത നാടിനെന്തിനാണ് ‘മുഹമ്മദ്പൂര്‍ മച്ചനാഇ’ എന്ന പേര് എന്ന ചോദ്യമുയര്‍ത്തിയാണ് മധ്യപ്രദേശ് ഗ്രാമങ്ങളുടെ പേര് മാറ്റിയത്.
ഷാജിപൂരില്‍ നടന്ന യോഗത്തിനിടെയാണ് പേരുമാറ്റുന്ന വിവരം മുഖ്യമന്ത്രി നാട്ടുകാരെ അറിയിച്ചത്. പ്രാദേശിക വികാരവും ജനപ്രതിനിധികളുടെ ആവശ്യവുമായിരുന്നു ഈ മാറ്റം എന്നും മോഹന്‍ യാദവ് അവകാശപ്പെടുന്നു. ചില പേരുകള്‍ മുഷിച്ചിലുണ്ടാക്കുന്നവയാണെന്ന് നാട്ടുകാര്‍ പറഞ്ഞു, അത് മാറ്റേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. മുസ്‌ലിം സമുദായത്തില്‍പ്പെട്ട ഒരാളെങ്കിലും ഉണ്ടെങ്കില്‍ ആ പേര് നിലനിര്‍ത്തുമെന്നും മോഹന്‍ യാദവ് പറഞ്ഞു.
ഹിന്ദു സംസ്കാരപ്രകാരം നമുക്ക് 33 ദൈവങ്ങളുണ്ട്,അതിലൊരു പേരില്‍ നാട് അറിയപ്പെടണം. മുഹമ്മദ്പുര്‍ മോഹന്‍പുര്‍ എന്നാക്കി മാറ്റി, ദാബ്‌ല ഹുസൈന്‍പുര്‍ ദാബ്‌ല റാം എന്ന പേരില്‍ അറിയപ്പെടും. മുഹമ്മദ്പുര്‍ പവാഡിയ–റാംപുര്‍ പവാഡിയ, ഹാജിപുര്‍–ഹീരാപൂര്‍, നിപാനിയ ഹിസാമുദ്ദീന്‍–നിപാനിയ ദേവ്, കലില്‍പുര്‍–റാംപുര്‍, എന്നിങ്ങനെയാണ് മാറ്റപ്പെട്ട പേരുകള്‍.