രക്തരൂക്ഷിത കലാപം തുടരുന്ന മണിപ്പുരിൽ അതീവ ജാഗ്രത. സംഘര്‍ഷമുണ്ടായ ജിരിബാമില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. രാജി അഭ്യൂഹം നിലനില്‍ക്കെ, മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് വീണ്ടും ഗവര്‍ണറെ കണ്ടു.
ആറുപേര്‍ കൊല്ലപ്പെട്ട ജിരിബാം സംഘര്‍ഷത്തിനുശേഷം സംസ്ഥാന വ്യാപകമായുള്ള ജാഗ്രത തുടരുന്നു. അസം റൈഫിള്‍സും സിആര്‍പിഎഫും ഡ്രോണ്‍ വേധ സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കെ ഇംഫാൽ വിമാന താവളത്തിന് സമീപം ഡ്രോൺ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഘർഷങ്ങൾക്ക് പിന്നാലെ താഴ്‍വരയിലെ അഞ്ച് ജില്ലകളിൽ പൂർണ സ്തംഭനാവസ്ഥയാണ്. കരസേനയുടെ ഹെലികോപ്റ്ററുകൾ നിരന്തര വ്യോമനിരീക്ഷണം നടത്തുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടാംതവണയും രാജ്ഭവനിലെത്തി ഗവര്‍ണര്‍ എല്‍.ആചാര്യയെ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് കണ്ടതോടെ,,, രാജി അഭ്യൂഹം പരന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് രാജി നിഷേധിച്ചിട്ടുണ്ട്.