ഇന്ത്യയുടെ സംസ്കാരത്തെ തഴുകി ഒഴുകുന്ന നദിയാണ് യമുന. ഡല്‍ഹിയുടെ മണ്ണിന് ജീവജലം നല്‍കുന്നതും യമുനയാണ്. എന്നാല്‍ ആ നദിയെ കവരുകയാണ് ഇന്ന് ഡല്‍ഹി. യമുനയുടെ വെള്ളപ്പൊക്കപ്രദേശങ്ങളില്‍ 75 ശതമാനത്തിലേറെയും അനധികൃത കയ്യേറ്റങ്ങളാണ്.
യമുനാഘട്ടുകളില് പ്രാര്‍ഥനാ സ്വരങ്ങള്‍ നിലയ്ക്കാറില്ല, പുണ്യനദിയെന്നാണ് വിശ്വാസം. ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, നാല് സംസ്ഥാനങ്ങളിലൂടെ അതിലേറെ സംസ്കാരങ്ങളിലൂടെ യമുനയൊഴുകുന്നു.
ഡല്‍ഹിയിലെ യമുനാ തീരത്തെ 9,700 ഹെക്ടര്‍ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ 7,362 ഹെക്ടറും കയ്യേറപ്പെട്ടുവെന്ന് പുതിയ സര്‍വേയിലാണ് കണ്ടെത്തിയത്. വസീറാബാദ് മുതൽ പല്ലവരെയുള്ള 22 കിലോമീറ്ററില്‍ അനധികൃത കെട്ടിടങ്ങളും കുടിലുകളും കൃഷിയും കളിസ്ഥലങ്ങളുംവരെ ഉള്‍പ്പെടുന്നു. കയ്യേറ്റങ്ങളൊഴിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെതന്നെ നിര്‍ദേശിച്ചിരുന്നു. വന്‍കയ്യേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ അന്ന് അഞ്ചുതലമുറയായി നിഗംബോധ് ഘട്ടിനുസമീപം ഒറ്റമുറിവീട്ടില്‍ കഴിയുന്നവരെ തേടിയെത്തി. കരകവിഞ്ഞ യമുനയുടെ കലി ഡല്‍ഹി പലതവണ അറിഞ്ഞതാണ്. ദുരിതം ആവര്‍ത്തിക്കാതിരിക്കാന്‍ യഥാര്‍ഥ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് യമുനാഘട്ടുകളിലെ മനുഷ്യര്‍ പറയുന്നു.