ഓണ്‍ലൈന്‍ സുഹൃത്തിനെ കാണാന്‍ 265 കിലോമീറ്റര്‍ യാത്ര ചെയ്തെത്തിയ പെണ്‍കുട്ടിയെ 20 ദിവസം ഹോട്ടലില്‍ പൂട്ടിയിട്ടു. സംഭവത്തില്‍ 19കാരനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ 'ഷി ടീം' വിഭാഗമാണ് പതിനെട്ടുകാരിയെ രക്ഷപ്പെടുത്തിയത്. ഭൈന്‍സ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നതനുസരിച്ച്, ഓണ്‍ലൈന്‍ വഴി സുഹൃത്തുക്കളായതാണ് പെണ്‍കുട്ടിയും സുഹൃത്തും. തങ്ങളുടെ മകളെ സുഹൃത്ത് കബളിപ്പിച്ച് കെണിയില്‍പ്പെടുത്തുകയായിരുന്നെന്നും മകള്‍ തന്നെയാണ് അവളെ മുറിയില്‍ പൂട്ടിയിട്ട വിവരം തങ്ങളെ അറിയിച്ചതെന്നും മാതാപിതാക്കള്‍ പൊലീസിനോട് പറയുന്നു. സുഹൃത്ത് തന്നെ ഭീഷണിപ്പെടുത്തിയാണ് ഹൈദരാബാദിലേക്ക് എത്തിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടി ലൊക്കേഷന്‍ അയച്ചു കൊടുത്തതിനു പിന്നാലെയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഹൈദരാബാദിലെ നാരായണഗുഡയിലെ ഹോട്ടല്‍മുറിയിലാണ് പെണ്‍കുട്ടിയെ പൂട്ടിയിട്ടിരുന്നത്.
പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതിനു പിന്നാലെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും സുരക്ഷക്കായി പ്രവര്ത്തിക്കുന്ന ഹൈദരാബാദ് പൊലീസ് വിങ്ങാണ് ഷി ടീംസ്.