കേട്ടാല്‍ അവിശ്വസനീയമായ സംഭവമാണ് വാരാണസിയില്‍ നടന്നത്. സ്കൂള്‍ യൂണിഫോമിലെത്തിയ കുഞ്ഞു പെണ്‍കുട്ടി നേരേവന്ന് ഇരുചക്രവാഹന ഉടമയോട് താക്കോല്‍ ചോദിച്ചു. വളരെ നിഷ്ക്കളങ്കമായ ഭാവത്തോടെ വന്ന കുട്ടിക്ക് ഒരു സംശയവുമില്ലാതെ വണ്ടിയുടെ താക്കോല്‍ കൈമാറി . മോഷണലക്ഷ്യമായിരുന്നെന്ന് മനസിലാക്കാവുന്നതായിരുന്നില്ല കുട്ടിയുടെ ഭാവവും രീതികളും. നേരേവന്ന് താക്കോല്‍ ചോദിച്ചത് ഒരു ചെറിയ കുട്ടിയായതുകൊണ്ട് മറ്റൊന്നും ചിന്തിച്ചില്ല. വണ്ടി ഒന്നു എടുത്ത് മാറ്റണമെന്ന് പറഞ്ഞപ്പോള്‍ വലിയ ഗൗരവവും കൊടുത്തില്ല.
എന്നാല്‍ താക്കോല്‍ കിട്ടിയ ഉടന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഒന്ന് ഇടവും വലതും നോക്കി കുട്ടി വണ്ടിയോടിച്ചുപോയി . പിന്നെ കുട്ടിയുടേയും വണ്ടിയുടേയും പൊടിപോലുമില്ല. വാരാണസിയിലെ കബിര്‍ നഗറിലാണ് സംഭവം. കുട്ടി പോയിക്കഴിഞ്ഞാണ് സംഭവിച്ചതെന്താണെന്ന് സ്കൂട്ടര്‍ ഉടമയായ സ്ത്രീക്ക് ബോധ്യപ്പെട്ടത്. അടുത്ത കെട്ടിടത്തിലെ സിസിടിവിയില്‍ എല്ലാം വ്യക്തം.
പെണ്‍കുട്ടി വളരെ കരുതലോടെ ഒട്ടും ഭയമോ ആശങ്കയോ ഇല്ലാതെയാണ് സ്കൂട്ടര്‍ മോഷ്ടിച്ചു കൊണ്ടുപോയത്. സ്കൂട്ടര്‍ ഉടമ വാരാണസി പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിച്ചു തുടങ്ങി.