രാജ്യത്തെ ഇടതുരാഷ്ട്രീയത്തിന്റെ പ്രസന്നമുഖം, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. പ്രതിസന്ധികളില്‍ പതറാതെ, ഒന്‍പതുവര്‍ഷം ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടിയെ നയിച്ച സഖാവാണ് വിടവാങ്ങുന്നത്. 72–ാം വയസ്സിലാണ് അന്ത്യം. മൃതദേഹം മെഡിക്കല്‍ പഠനത്തിന് എയിംസിന് വിട്ടുനല്‍കാനാണ് തീരുമാനം.
മൃതദേഹം ഇന്നും നാളെയും എയിംസില്‍ സൂക്ഷിക്കും. മറ്റന്നാള്‍ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 32 വര്‍ഷമായി സിപിഎം പൊളിറ്റ് ബ്യൂറോയില്‍ അംഗമായ അദ്ദേഹം, എഴുപതുകളുടെ അവസാനം തെലങ്കാന പ്രക്ഷോഭത്തിലൂടെ സമരവഴിയിലെത്തി. ഇടതുരാഷ്ട്രീയക്കനല്‍ രാജ്യത്ത് ജ്വലിപ്പിച്ചു നിര്‍ത്തുന്നതില്‍ യച്ചൂരി വഹിച്ച പങ്ക് നിസ്തുലമാണ്. സഖ്യങ്ങളിലൂടെ പാര്‍ട്ടിയുടെ അടിത്തറ വിപുലമാക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. മതേതര ജനാധിപത്യ ചേരിക്ക് കനത്ത നഷ്ടം കൂടിയാണ് യച്ചൂരിയുടെ വിയോഗം.
ആന്ധ്ര സ്വദേശിയെങ്കിലും ചെന്നൈയിലാണ് സീതാറാം യച്ചൂരിയുടെ ജനനം. പഠനത്തില്‍ ഒന്നാമനായിരിക്കെ ചെങ്കൊടിയേന്തി നടത്തിയ പോരാട്ടങ്ങള്‍ തെലങ്കാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വളര്‍ത്തിയ യച്ചൂരിക്ക് കമ്യൂണിസം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. തന്നിലെ രാഷ്ട്രീയക്കാരനെ ഇല്ലാതാക്കാന്‍ നോക്കിയ ബന്ധുക്കളെ രാഷ്ട്രീയം പഠിപ്പിച്ച ചരിത്രവും യച്ചൂരിക്കുണ്ട്.
ആന്ധ്രാപ്രദേശിലെ കാക്കിനാഡാ സ്വദേശിയായ സര്‍വ്വേശ്വര സോമയജുല യച്ചൂരിയുെടയും കല്‍പകത്തിന്‍റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് സീതാറാം യച്ചൂരിയുടെ ജനനം. വൈദേഹി ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന സീതാരാമ റാവു, ജാതിപ്പേര് മുറിച്ചുമാറ്റിയാണ് സീതാറാം യച്ചൂരിയായത്. പത്താംക്ലാസ് വരെ പഠനം ഹൈദരാബാദില്‍. 1969ലെ തെലങ്കാന പ്രക്ഷോഭത്തിന്‍റെ ഭാഗമായതോടെ ഉപരിപഠനത്തിന് ഡല്‍ഹിലേയ്ക്കയച്ചു. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ഡല്‍ഹിയിലെ പ്രസിഡന്റസ് എസ്റ്റേറ്റ് സ്‌കൂളില്‍. രാജ്യത്ത് ഒന്നാംറാങ്കോടെ പാസായി. ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സിലെ ബിരുദ പഠനത്തിന് ശേഷം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നതോടെ സജീവരാഷ്ട്രീയക്കാരനായി.
ജെഎന്‍യു ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിച്ച പ്രകാശ് കാരാട്ടിനായി വോട്ടുതേടിയായിരുന്നു യച്ചൂരിയുടെ ആദ്യ പ്രസംഗങ്ങള്‍. ജെഎന്‍യു പ്രക്ഷോഭകാലത്ത് ഇന്ദിരാ ഗാന്ധിയെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് രാജിവപ്പിച്ചു. വിദ്യാര്‍ഥിയായിരുന്ന മനേക ഗാന്ധിയെ ഗാന്ധിയെ ജെഎന്‍യുവിന്‍റെ പ്രധാന ഗേറ്റില്‍ യച്ചൂരിയും സംഘവും തടഞ്ഞിട്ടതും മറ്റൊരു ചരിത്രം. അടിയന്തരാവസ്ഥാക്കാലത്ത് ഒളിവില്‍ പോയങ്കിലും പിടിയിലായി. 1977-78ല്‍ ജെഎന്‍യു വിദ്യാര്‍ഥി യുണിയന്‍ പ്രസിഡന്റ്. മൂന്ന് തവണ JNUSU അധ്യക്ഷനായി. 1984ൽ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായ യച്ചൂരി അതേവർഷം സിപിഎം കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവുമായി. കേരളത്തിനും ബംഗാളിനും പുറത്തുനിന്നുള്ള എസ്എഫ്‌ഐയുടെ ആദ്യ പ്രസിഡന്റായിരുന്നു യച്ചൂരി. പിറ്റേവർഷം കാരാട്ടിനും എസ്.രാമചന്ദ്രൻ പിള്ളയ്ക്കുമൊപ്പം കേന്ദ്ര കമ്മിറ്റിയംഗം. 1992ലാണ് മൂവരും പൊളിറ്റ് ബ്യൂറോയിലെത്തുന്നത്.
2004ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് യുപിഎ സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ മുന്‍കയ്യെടുത്തു. 2005ല്‍ പശ്ചിമ ബംഗാളില്‍നിന്ന് സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പാര്‍ലമെന്‍റേറിയന്‍ എന്ന പേര് വേഗത്തില്‍ സ്വന്തമാക്കി യച്ചൂരി. ആണവകരാറിന്‍റെ പേരില്‍ സിപിഎം സഖ്യം വിട്ടപ്പോള്‍ യുപിഎയെയെ പിടിച്ചുലച്ച അഴിമതിയാരോപണങ്ങള്‍ ശക്തമായി ഉന്നയിച്ചു അദ്ദേഹം. പ്രകാശ് കാരാട്ടിനുശേഷം 2015ല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ രണ്ടാമതും 2022 ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാമതും ജനറല്‍ സെക്രട്ടറിയായി.
രാജ്യാന്തരരംഗത്തും ആദരവ് നേടിയ നേതാവാണ് സീതാറാം യച്ചൂരി. നേപ്പാളിൽ മാവോയിസ്റ്റുകളെ ജനാധിപത്യ പാതയിലേക്ക് നയിക്കാന്‍ നടത്തിയ ഇടപെടലുകൾ ശ്രദ്ധ നേടി. കോവിഡ് ജീവനെടുത്ത മകന്‍ ആശിഷ് യച്ചൂരിയുടെ വേര്‍പാട് അവസാനകാലത്ത് യച്ചൂരിയെ ഏറെ വേദനിപ്പിച്ചിരുന്നു. കഴുത്തില്‍ മഫ്ളര്‍ ചുറ്റി, ചെറുപുഞ്ചിരിയുമായി എകെജി ഭവന്‍റെ പടിയിറങ്ങി വരുന്ന , മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് തികഞ്ഞ സഹിഷ്ണുതയോടെ മറുപടി നല്‍കുന്ന കോമ്രേഡ് യച്ചൂരി എക്കാലവും ആദരവ് നിറഞ്ഞ ഓര്‍മയായിരിക്കും.