indian-railway-camera

TOPICS COVERED

ഇന്ത്യൻ റെയിൽവെയുടെ എല്ലാ ട്രെയിനുകളും കാമറ നിരീക്ഷണത്തിലാക്കുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രാക്കും പരിസരങ്ങളും നിരീക്ഷിക്കാൻ എല്ലാ തീവണ്ടികളിലും ഒന്നിലധികം കാമറകൾ സ്ഥാപിക്കും. ട്രെയിൻ അട്ടിമറിയുമായി ബന്ധപ്പെട്ട് തുടർ ശ്രമങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. എൻജിൻ്റെയും ഗാർഡ് കോച്ചിൻ്റെയും മുൻവശത്തും പിൻഭാഗത്തും വശങ്ങളിലും കാമറകൾ സ്ഥാപിക്കും. 75 ലക്ഷം എഐ കാമറകളാണ് സ്ഥാപിക്കുക.

മൂന്ന് മാസത്തിനുള്ളിൽ എല്ലാ ട്രെയിനുകളിലും കാമറകൾ സ്ഥാപിക്കാനുള്ള ടെണ്ടർ വിളിക്കുമെന്ന് റെയിൽവെ അറിയിച്ചു.  കാമറ സ്ഥാപിക്കുന്നതിനൊപ്പം ദൃശ്യങ്ങൾ സൂക്ഷിക്കാനും പരിശോധിക്കാനും സെൻട്രൽ ഡാറ്റ സെൻറർ ഉണ്ടാക്കും. 40,000 കോച്ചുകൾ, 14,000 ലോക്കോമോട്ടീവുകൾ, 6,000 ഇഎംയു എന്നിവയിലാണ് സിസിടിവി ക്യാമറകൾ സജ്ജീകരിക്കുക.

സമീപകാലത്തായി തുടർച്ചയായി റിപ്പോർട്ട് ചെയ്ത ട്രെയിൻ അട്ടിമറി ശ്രമങ്ങൾ ഗൗരവകരമാണെന്നും സംസ്ഥാന പൊലീസ് മേധാവികളുമായി ചേർന്ന് റെയിൽവെ പാളങ്ങളുടെ ജാഗ്രത വർധിപ്പിക്കുമെന്നും റെയിൽവെ മന്ത്രി അറിയിച്ചു.

കാൺപുരിലും രാജസ്ഥാനിലെ അജ്മീറിലും കഴിഞ്ഞ ദിവസം ട്രെയിൻ അട്ടിമറി ശ്രമം നടന്നിരുന്നു. കാൺപൂരിൽ റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടറും അജ്മീറിൽ 70 കിലോ വീതം ഭാരമുള്ള സിമൻറുകട്ടകളാണ് പാളത്തിലുണ്ടായിരുന്നത്. ഫുലേര– അഹമ്മദാബാദ് പാതയിലൂടെ പോയ ചരക്ക് തീവണ്ടിയാണ് സിമൻറുകട്ടകൾ ഇടിച്ച് തെറിപ്പിച്ചത്. കാൺപുരിൽ റെയിൽവേ ട്രാക്കിൽ പാചക വാതക സിലിണ്ടറിന് പുറമെ സമീപത്ത് നിന്നും ഒരു കുപ്പി പെട്രോളും തീപ്പെട്ടിയും ആർപിഎഫ് കണ്ടെടുത്തിരുന്നു.

ENGLISH SUMMARY:

Indian railway install camers on all trains.