വാതിലുകള്‍ തുറക്കാത്തതില്‍ പ്രതിഷേധിച്ച് അന്ത്യോദയ എക്സ്പ്രസിന്‍റെ കോച്ച് അടിച്ചു തകര്‍ത്ത് യാത്രക്കാര്‍. ഛപ്രയില്‍ നിന്നും മുംബൈയിലേക്കുള്ള അന്ത്യോദയ എക്സ്പ്രസാണ് ചൊവ്വാഴ്ച രാത്രി 10.30 ഓടെ ഉത്തര്‍പ്രദേശിലെ ബസ്തി റെയില്‍വെ സ്റ്റേഷനില്‍ ആക്രമിക്കപ്പെട്ടത്. യാത്രക്കാര്‍ അധികമായതിനാല്‍ ട്രെയിനിലെ യാത്രക്കാര്‍ വാതില്‍ ഉള്ളില്‍ നിന്നും ലോക്ക് ചെയ്യുകയായിരുന്നു. വണ്ടി ബസ്തി സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാര്‍ക്ക് അകത്തേക്ക് കയറാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ആക്രമണം.
ഛപ്ര– മുംബൈ അന്ത്യോദയ എക്സ്പ്രസിന്‍റെ വാതിലും ജനലുകളും അടിച്ച് തകര്‍ത്താണ് യാത്രക്കാര്‍ ഉള്ളിലേക്ക് പ്രവേശിച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു യാത്രക്കാരന്‍ കല്ലുകൊണ്ട് വാതിലിന്‍റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മറ്റൊരു കൂട്ടര്‍ ജനൽ പാളിയുടെ ഇരുമ്പ് ബാർ ഗ്രിൽ പൊളിച്ച് ജനലിലൂടെ കോച്ചിലേക്ക് പ്രവേശിക്കുന്നതും വിഡിയോയില്‍ കാണാം. സംഭവത്തില്‍ ബസ്തി ആര്‍പിഎഫ് കേസ് രജസിറ്റര്‍ ചെയ്തു.
ഛപ്രയില്‍ നിന്ന് യാത്ര ആരംഭിച്ച ട്രെയിനില്‍ താങ്ങാവുന്നതിലധികം യാത്രക്കാരുണ്ടായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. മറ്റു യാത്രക്കാര്‍ കയറുന്നത് ഒഴിവാക്കാന്‍ ട്രെയിനിലുള്ള യാത്രക്കാര്‍ വാതില്‍ അകത്ത് നിന്ന് പൂട്ടുകയായിരുന്നു. ഇതോടെ ബസ്തിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ട്രെയിന് അകത്തേക്ക് കയറാന്‍ സാധിക്കാതെ വരുകയും വാതില്‍ പൊളിച്ച് അകത്തേക്ക് കടക്കുകയുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് തൊട്ടടുത്ത സ്റ്റേഷനായ മങ്കപൂരി റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് കോൺസ്റ്റബിൾമാരുടെ സഹായത്തോടെയാണ് യാത്രക്കാരെ ട്രെയിനില്‍ കയറ്റിയത്. ബിഹാറിലെ ഛപ്രയില്‍ നിന്നും മുംബൈയിലേക്കുള്ള ട്രെയിന്‍ എല്ലാ ചൊവ്വാഴ്ചകളിലുമാണ് സര്‍വീസ് നടത്തുന്നത്.