നടിയും മോഡലുമായ മലൈക അറോറയുടെ പിതാവ് അനില്‍ കുല്‍ദീപ് മെഹ്തയുടെ മരണം ശരീരത്തിലേറ്റ ഗുരുതരമായ പരുക്കുകള്‍ മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മുംബൈ ബാന്ദ്രയിലെ അപാര്‍ട്ട്മെന്റിന്റെ ആറാം നിലയില്‍ നിന്നാണ് അനില്‍ മെഹ്ത വീണുമരിച്ചത്. വീഴ്ചയില്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണം.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അനില്‍ ടെറസില്‍ നിന്നും ചാടി മരിച്ചത്. 65കാരനായ മെഹ്തയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിക്കുന്നതിനു തൊട്ടുമുന്‍പ് അനില്‍ മെഹ്ത മക്കളായ മലൈകയ്ക്കും അമൃത അറോറയ്ക്കും ഫോണ്‍ ചെയ്തിരുന്നു. താന്‍ രോഗബാധിതനാണെന്നും ക്ഷീണിതനാണെന്നും പറഞ്ഞതിനു പിന്നാലെ മൊബൈല്‍ഫോണ്‍ സ്വിച്ച്ഡ്ഓഫ് ആവുകയായിരുന്നു. പിതാവിന്റെ മരണത്തില്‍ അഗാധദുഖത്തിലും ഞെട്ടലിലുമാണെന്നും സ്വകാര്യത മാനിക്കണമെന്നും കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു.
സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കുടുംബാംഗങ്ങളുടെയും അപാര്‍ട്ട്മെന്റിലെ മറ്റു താമസക്കാരുടെയും മൊഴിയെടുത്തു. സിസിടിവി അടക്കം ശേഖരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. അനില്‍ മെഹ്തയുടെ ഡോക്ടറുടേയും മറ്റ് സുഹൃത്തുക്കളുടെയും മൊഴിയെടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.