വിവേകമുളള ഒരു സ്ത്രീയും ആദ്യമായി കാണുന്ന പുരുഷനൊപ്പം ഹോട്ടല്‍ മുറിയില്‍ പോവില്ലെന്ന് ബോംബൈ ഹൈക്കോടതി. ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാല്‍സംഗം ചെയ്തെന്ന യുവാവിന്‍റെ പരാതിയിലെടുത്ത കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവ് ഹോട്ടൽ മുറിയിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നും സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.
ഫേസ്ബുക്കിലൂടെ പരിചയത്തിലായി ഉരുവരും ഫോണിലൂടെ സൗഹൃദം തുടര്‍ന്നു.2017 ഫെബ്രുവരിയിൽ യുവാവ് പരാതിക്കാരി പഠിക്കുന്ന കോളജിൽ എത്തി യുവതിയെ കണ്ടിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം ചില അത്യാവശ്യ കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പരാതിക്കാരിയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഇരുവരും ഹോട്ടൽ മുറിയിൽ വെച്ച് ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെട്ടു.തുടര്‍ന്ന് യുവാവ് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ഇത് ഫേസ്ബുക്കിൽ പങ്കുവെക്കുകയും യുവതിയുടെ ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുകയുമായിരുന്നു.എന്നാൽ പരാതിയിലെ വാദങ്ങൾ പൂർണമായും വിശ്വസനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹോട്ടലിൽ കണ്ടുമുട്ടുന്നതിന് മുമ്പ് ഇരയ്ക്ക് പ്രതിയുമായി പരിചയമില്ലായിരുന്നു. പ്രതിയുടെ അഭ്യർത്ഥന പ്രകാരം ഹോട്ടൽ മുറിയിൽ പോയി എന്നാണ് യുവതിയുടെ വാദം. എന്നാല്‍ വിവേകമുള്ള ഒരാളുടെ പെരുമാറ്റവുമായി യുവതിയുടെ പെരുമാറ്റത്തെ താരതമ്യം ചെയ്യാൻ സാധിക്കുന്നില്ല.എന്തെങ്കിലും പറഞ്ഞ് യുവതിയെ ഹോട്ടലിലേക്ക് എത്തിച്ചാല്‍ തന്നെ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ യുവതിക്ക് നിലവിളിക്കാനോ രക്ഷപ്പെടാനോ ശ്രമിക്കാവുന്നതാണ്. എന്നാല്‍ ഈ കേസില്‍ അത്തരം സംഭവങ്ങൾ നടന്നിട്ടില്ലെന്നും കോടതി പറഞ്ഞു. അതുകൊണ്ടു തന്നെ യുവതിയുടെ പരാതി വിശ്വാസയോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2017 മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഒക്ടോബറിലാണ്. സംഭവം നടന്ന ഉടന്‍ പെണ്‍കുട്ടി പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു.