സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് ബംഗാള്‍‌ സര്‍ക്കാര്‍ പാസാക്കിയ അപരാജിത ബില്ലിലെ വ്യവസ്ഥകള്‍ നിയമവിരുദ്ധമെന്നും അപ്രായോഗികമെന്നും വിമര്‍ശനം.  ബലാല്‍സംഗ കൊലയ്ക്ക് വധശിക്ഷയുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.    

ചരിത്രപരമായ ബില്‍ എന്ന വിശേഷണത്തോടെയാണ് അപരാജിത ബില്‍ മമതാ ബാനര്‍ജി അവതരിപ്പിച്ചത്.  ലൈം​ഗികാതിക്രമങ്ങളില്‍ ഇര മരിക്കുകയോ കോമയിലാവുകയോ ചെയ്താൽ പ്രതിക്ക് വധശിക്ഷ എന്നതാണ് ബില്ലിലെ പ്രധാന നിര്‍ദേശം. ഈ നിര്‍ദേശംതന്നെ നിയമവിദഗ്ധര്‍ ചോദ്യംചെയ്യുന്നു. 

കേസ് അന്വേഷണം 21 ദിവസത്തിനകം പൂർത്തീകരിക്കണമെന്ന വ്യവസ്ഥ എല്ലാ കേസുകളിലും പ്രായോഗികമല്ല. 30 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം കേസ് നടത്തിപ്പിനെ ബാധിക്കും. സാക്ഷി വിസ്താരം, തെളിവു പരിശോധന തുടങ്ങിയ ഘട്ടങ്ങള്‍ ഇക്കാലയളവുനുള്ളില്‍ പൂര്‍ത്തിയാകണമെന്നില്ല. ശിക്ഷ വിധിച്ചാലും  മേല്‍കോടതികളില്‍ റദ്ദാക്കാനുള്ള സാധ്യതയുമേറെയാണ്.  നിലവിലെ രൂപത്തില്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.