ചുണ്ടിലല്‍പം കുസൃതി കലര്‍ന്ന ചിരിയുമായല്ലാതെ സീതാറാം യച്ചൂരിയെ കണ്ടുമുട്ടുക ഏറെക്കുറെ അസാധ്യമാണ്. പുഞ്ചിരി പോലെ  ചുണ്ടോട് ചേര്‍ന്ന ചാംസുമായി ചുരുളന്‍മുടിക്കാരന്‍ യച്ചൂരി മറ്റാരും പറയാത്തൊരു രാഷ്ട്രീയം കൂടി പറഞ്ഞു. 2016ലായിരുന്നു സിഗരറ്റ് ദേശീയ രാഷ്ട്രീയത്തിലിടം പിടിച്ച ആ സംഭവമുണ്ടായത്. കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചു. വിഘടനവാദി നേതാക്കളെ കൂടി കണ്ട് സംസാരിക്കണമെന്ന ആശയം യച്ചൂരി മുന്നോട്ടു വച്ചു. കോണ്‍ഗ്രസിനും ബിജെപിക്കും അതൊട്ടും സ്വീകാര്യമായിരുന്നില്ല. എന്നാല്‍ ഹുറിയത് നേതാക്കളെ കാണാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും അവര്‍ ഇന്ത്യയില്‍ ജീവിക്കുന്ന ഇന്ത്യക്കാരാണെന്നും അവരോട് തൊട്ടുകൂടായ്മയുടെ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് യച്ചൂരി സ്വീകരിച്ചത്. 

കാസ്‌ട്രോ യച്ചൂരിയോടായി പറഞ്ഞു, സഖാവേ ബസുവിന് പ്രായമായി , അദ്ദേഹത്തോട് ക്ഷമിക്കാം. പക്ഷേ നിങ്ങളങ്ങനെയല്ല, ചെറുപ്പമാണ്..പഠിക്കണം'

കൂടിക്കാഴ്ചയ്ക്ക് എസ്.എ.എസ് ഗീലാനി തയ്യാറായില്ലെങ്കിലും മറ്റൊരാള്‍ തയ്യാറായി. വിഘടനവാദി നേതാവായ യാസീന്‍ മാലിക്. മാലികിന്റെ 'സ്വന്തം' എന്ന് പറയാവുന്ന ജയിലിലേക്ക് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന യച്ചൂരി എത്തി. ആ കൂടിക്കാഴ്ചയ്ക്ക് വഴി വച്ചതാവട്ടെ ചാംസ് സിഗരറ്റും. തന്നെപ്പോലെ മറ്റൊരു ചാംസ് ആരാധകനാണ് മാലിക് എന്നത് യച്ചൂരിയുടെ കൂടിക്കാഴ്ച ഒരര്‍ഥത്തില്‍ അനായാസമാക്കി. 

സഖാവേ, പഠിക്കണം! കാസ്‌ട്രോ പറഞ്ഞു, യച്ചൂരി കേട്ടു

സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം 1993 ല്‍ ജ്യോതി ബസുവിനെ അനുഗമിച്ച് സീതാറാം യച്ചൂരി ക്യൂബയിലെത്തി. മൂന്ന് ദിവസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കാസ്‌ട്രോയെക്കാണാന്‍ ബസുവിനും യച്ചൂരിക്കും അവസരം ലഭിക്കുന്നത്. രാത്രി ഏകദേശം 11 മണി ആയിട്ടുണ്ട്. വീട്ടിലിടുന്ന വസ്ത്രമൊക്കെ ധരിച്ച് ബസു ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അപ്പോഴാണ് ഇരുവരെയും തേടി കാസ്‌ട്രോയുടെ ദൂതനെത്തുന്നത്. വരൂ പോകാമെന്നായി ദൂതന്‍..നാളെ കാണാമെന്ന് കാസ്‌ട്രോയോട് പറയൂവെന്ന‌ലൈനില്‍ ബസു. കാര്യം അത്ര പന്തിയല്ലെന്ന് തോന്നിയ യച്ചൂരി, നയത്തിലിടപെട്ടു. 'നമ്മള്‍ അദ്ദേഹത്തിന്റെ അതിഥികളാണ്, വിളിച്ചാല്‍ ചെല്ലണം' എന്നു പറഞ്ഞ് ബസുവിനെ സമ്മതിപ്പിച്ചു. കാസ്‌ട്രോയുടെ അടുത്തെത്തി. ചെന്നതും പതിവ് കഥകള്‍ക്ക് പകരം കാസ്‌ട്രോ കനപ്പെട്ട സംസാരം തുടങ്ങി. രണ്ടു മണിക്കൂര്‍ നീണ്ട സംസാരത്തില്‍ അക്കൊല്ലം രാജ്യത്തെ കാര്‍ഷികോല്‍പാദനത്തില്‍ നിന്ന് തുടങ്ങി ഉരുക്കിന്റെയും സ്റ്റീലിന്റെയുമടക്കം ഉല്‍പാദന വിവരങ്ങള്‍ വരെ ചോദിച്ചു. ഉരുക്കിന്റെയും സ്റ്റീലിന്റെയും കണക്കുണ്ടോ ബസുവിനറിയുന്നു. ചോദിച്ചപ്പോള്‍ യച്ചൂരിക്കും അറിയില്ല. ഉടനടി തന്റെ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയ കാസ്‌ട്രോ ഇന്ത്യയിലെ കണക്കും കാര്യങ്ങളും മണിമണിയായി പറഞ്ഞു. നേരം പരപരാന്ന് വെളുത്ത് തുടങ്ങി.. കാസ്‌ട്രോ യച്ചൂരിയോടായി പറഞ്ഞു, സഖാവേ ബസുവിന് പ്രായമായി , അദ്ദേഹത്തോട് ക്ഷമിക്കാം. പക്ഷേ നിങ്ങളങ്ങനെയല്ല, ചെറുപ്പമാണ്..പഠിക്കണം'. ആ വാക്കുകള്‍ യച്ചൂരി ഹൃദയം കൊണ്ട് സ്വീകരിച്ചു. പിന്നീട് രണ്ട് വട്ടം കൂടി കാസ്‌ട്രോയുമായി താന്‍ കൂടിക്കാഴ്ച നടത്തിയതായി യച്ചൂരി പിന്നീടൊരിക്കല്‍ ഓര്‍ത്തെടുത്തു. 

ഇവനെ വിളിച്ചോണ്ട് പോകാമോ? 

വേദമന്ത്രങ്ങള്‍ സദാ ഉയര്‍ന്ന് കേട്ട സോമയാജലു യച്ചൂരിയുടെയും കല്‍പ്പകത്തിന്റെയും വീട്ടില്‍ 1952 ഓഗസ്റ്റ് 12നാണ് സീതാറാം യച്ചൂരിയുടെ ജനനം. തികഞ്ഞ ആത്മീയ അന്തരീക്ഷമുള്ള വീട്ടിലെ മകന്‍ കമ്യൂണിസ്റ്റുകാരനാകുമെന്നവര്‍ സ്വപ്‌നത്തില്‍ കരുതിയില്ല. പഠിച്ച് മിടുക്കനായി സര്‍ക്കാര്‍ സര്‍വീസില്‍ സീതാറാം എത്തിപ്പെടുന്നതായിരുന്നു അവരുടെ സ്വപ്നം. പതിനൊന്നാം ക്ലാസില്‍ രാജ്യത്ത് തന്നെ ഒന്നാമനായി മാറിയ കുട്ടിക്ക് ഒരു സര്‍ക്കാര്‍ ജോലി അപ്രാപ്യമല്ലല്ലോ. തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ യച്ചൂരി സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദപഠനത്തിന് ചേര്‍ന്നു. അവിടെയും മികച്ച വിജയം. പിജി പഠനത്തിനായി ജെ.എന്‍.യുവിലെത്തി. അവിടെ നിന്നും യച്ചൂരിയുടെ ജീവിതം മാറി മറിഞ്ഞു. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പഠിച്ചത് കൊണ്ട് പോരാടാന്‍ യച്ചൂരി തീരുമാനിച്ചു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി മാറി. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലുമായി. 

മേനക ഗാന്ധി ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ കയറുന്നത് തടഞ്ഞതിന് പൊലീസ് പിടിയിലായ യച്ചൂരി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ അച്ഛന്‍ കസ്റ്റഡിയിലാക്കി. നേരെ ഹൈദരാബാദില്‍ അമ്മാവന്‍ മോഹന്‍ കന്ധയുടെ അടുക്കലേക്ക് അയച്ചു. അമ്മാവനാണെങ്കിലും യച്ചൂരിയെക്കാള്‍ ഏഴ് വയസിന് മാത്രം മൂത്തതായിരുന്നു മോഹന്‍.  അനന്തരവന്റെ ഈ പോക്ക് ശരിയല്ലെന്ന് ഉപദേശിക്കണമെന്നും രാഷ്ട്രീയം ഉപേക്ഷിച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറയണമെന്നുമായിരുന്നു അമ്മാവനെ ഏല്‍പ്പിച്ച ദൗത്യം. ഒരു മാസം തികയുന്നതിന് മുന്‍പ് ഡല്‍ഹിയിലേക്ക് ഫോണ്‍ വിളിയെത്തി, ഇവനെ ഇവിടെ നിന്നും കൊണ്ടു പോകണം, അല്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയക്കാരനായിപ്പോകും! അതായിരുന്നു യച്ചൂരി. 

1980 ലാണ് യച്ചൂരി എസ്എഫ്‌ഐ ദേശീയ പ്രസിഡന്റായത്. 1988 ല്‍ തിരുവനന്തപുരത്ത് വച്ച് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലൂടെ കേന്ദ്ര കമ്മിറ്റിയിലുമെത്തി. സദാപ്രസന്നമായ മുഖവും താളത്തിലുള്ള ഭാഷയും നയപരമായ ഇടപെടലും യച്ചൂരിയെ രാഷ്ട്രീയത്തില്‍ തുണച്ചു. 1992 ല്‍ തന്റെ 38-ാം വയസില്‍ സിപിഎം പിബി അംഗമായി. പിബിയിലെ 'ബേബി'യായിരുന്നു യച്ചൂരി. ഏറ്റവും പ്രായം കുറഞ്ഞ അംഗം. 2015 ഏപ്രില്‍ 15 ന് വിശാഖപട്ടണത്ത് വച്ച് ആദ്യമായി സിപിഎം ജനറല്‍ സെക്രട്ടറിയായി.

ആരെയും നയത്തില്‍ തന്റെ വഴിയേ കൊണ്ടുവരാന്‍ പ്രത്യേക വൈദഗ്ധ്യം തന്നെ യച്ചൂരിക്കുണ്ടായിരുന്നു. ആ വൈദഗ്ധ്യം കേന്ദ്രത്തില്‍ എന്‍ഡിഎയ്‌ക്കെതിരായ എത്രയെത്ര സമരമുഖങ്ങളില്‍ രാജ്യം കണ്ടു. പൊതുശത്രുവിനെ നേരിടാന്‍ സഖ്യകക്ഷികളെ സ്‌നേഹത്തോടെ ഒന്നിപ്പിക്കുന്നതില്‍ യച്ചൂരി വിജയിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും അത് പ്രകടമായിരുന്നു. വിജയത്തിനൊത്ത പ്രകടനം കാഴ്ച വച്ച ഇന്ത്യ സഖ്യത്തിന്റെ പ്രകടനത്തില്‍ രാജ്യത്തിന്റെ നെടുകെയും കുറുകെയും സഖ്യകക്ഷികള്‍ക്കൊപ്പമെത്തിയ യച്ചൂരിയുടെ പ്രയത്‌നം കൂടിയുണ്ട്. 

'മതം അടിച്ചമര്‍ത്തപ്പെട്ടവന്റെ ആശ്വാസം'

പ്രത്യയശാസ്ത്രം കീറാമുട്ടിയാണെന്ന് പല നേതാക്കളും പറയാതെ പറയുമ്പോള്‍ പ്രത്യയശാസ്ത്രത്തിന്റെ പലകയില്‍ യച്ചൂരി സ്‌നേഹം ചാലിച്ച് ചേര്‍ക്കാന്‍ മറന്നില്ല. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കമ്യൂണിസ്റ്റ് ചിന്തയ്ക്ക് പോലും യച്ചൂരിക്ക് ബദലുണ്ടായി. മാറുന്ന കാലത്തില്‍ പാര്‍ട്ടി പഴഞ്ചനായി പോകരുതെന്ന നിര്‍ബന്ധ ബുദ്ധി യച്ചൂരിക്കുണ്ടായരുന്നു. ‘അടിച്ചമര്‍ത്തപ്പെട്ടവന്റെ ആശ്വാസവും ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവുമാണ് മത’മെന്ന് യച്ചൂരി മയത്തിലെഴുതി. സ്വകാര്യ ദിനപത്രത്തില 'ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവെന്ന പംക്തിയില്‍ യച്ചൂരി മതത്തെ വിശദീകരിച്ചത് ഇങ്ങനെയാണ്.. 'മതം ഓരോ വ്യക്തിക്കും അവരവരുടെ ദൈവവുമായുള്ള പാവനവും സ്വകാര്യവുമായ ബന്ധമാണ്. മതേതരത്വം സാധ്യമാകണമെങ്കില്‍ വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കെന്ന പോലെ നിരീശ്വരവാദികള്‍ക്കും തുല്യാവകാശം ലഭിക്കേണ്ടതുണ്ട്. സരസ്വതി വന്ദനമെന്നത് പോലെ നീരീശ്വരവാദിയായ ചര്‍വാകും ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ്'. കടുത്ത വിമര്‍ശനമായിരുന്നു കമ്യൂണിസ്റ്റ് നേതാക്കളില്‍ നിന്ന് തന്നെ അന്ന് പിബി അംഗമായിരുന്ന യച്ചൂരിക്കെതിരെ ഉയര്‍ന്നത്. ഇത് യച്ചൂരിയുടെ മാത്രം അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും നേതാക്കള്‍ വിശദീകരിച്ചു. 

CPM Genaral Secretary Sitaram Yechury @ Thiruvananthapuram - 08 01 2017 - Photo @ Rinkuraj Mattancheriyil

എന്നാല്‍ തന്റേതുള്‍പ്പടെ ഇന്ത്യയിലെ എല്ലാ കുടുംബങ്ങളും മതത്തില്‍ അടിസ്ഥാനപ്പെട്ട് കിടക്കുകയാണെന്നും നമുക്ക് സ്വാതന്ത്ര്യത്തിന്റെ തത്വചിന്തയുള്ളത് പോലെ തന്നെ ദൈവശാസ്ത്രത്തിനൊരു സ്വാതന്ത്ര്യം കൂടി ലഭിക്കേണ്ടതുണ്ടെന്നും യച്ചൂരി തുറന്ന് പറഞ്ഞു. ഇന്ത്യന്‍ കമ്യൂണിസ്റ്റില്‍ നിന്നും മതത്തെ കുറിച്ച് അത്യപൂര്‍വമായി മാത്രം കേള്‍ക്കാനും കാണാനും കഴിയുന്ന കാഴ്ചപ്പാടായിരുന്നു യച്ചൂരിക്ക് മതത്തെ സംബന്ധിച്ചുണ്ടായിരുന്നത്. കാള്‍ മാക്‌സിന്റെ 'നീതിയെ കുറിച്ചുള്ള തത്വ'മാണ് തന്നെ ഈ നിലപാടിലെത്തിച്ചതെന്നും യച്ചൂരി വിശദീകരിച്ചിട്ടുണ്ട്. 1970 ല്‍ സെന്റ് സ്റ്റീഫന്‍സില്‍ പഠിക്കുന്ന കാലത്താണ് തന്റെ പൂണൂല്‍ പൊട്ടിച്ച് ഹോസ്റ്റല്‍ മുറിയില്‍ മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പമിട്ടത്. മതത്തെ കുറിച്ച് കാര്യമായി പറഞ്ഞുവെങ്കിലും യച്ചൂരി ഒരിക്കലും ദൈവ വിശ്വാസിയായിരുന്നില്ല. ഇരുപതാം വയസുമുതല്‍ ദൈവങ്ങള്‍ക്കപ്പുറം മനുഷ്യരുമൊത്ത് യച്ചൂരി സഹവാസം തുടങ്ങിയിരുന്നു.

'അമ്മയ്‌ക്കെന്നെ ഐഎഎസുകാരനാക്കണമായിരുന്നു...'

രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കില്‍ താനൊരു സാമ്പത്തികശാസ്ത്ര അധ്യാപകനായേനെ സീതാറാം യച്ചൂരി. അല്ലെങ്കില്‍ യച്ചൂരിയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ഗ്രാംഷിയന്‍ രീതിയില്‍, 'ഓര്‍ഗാനിക് ഇന്റലക്‌ച്വല്‍'. വീട്ടുകാര്‍ക്ക് പ്രത്യേകിച്ച് അമ്മയ്ക്ക് താനൊരു ഐഎഎസുകാരനാകണമെന്നായിരുന്നു ആഗ്രഹമെന്നും യച്ചൂരി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയായി പേരെടുത്ത ഒരാളെ കുറിച്ച് കുടുംബം അങ്ങനെ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലല്ലോ. യച്ചൂരിക്കാവട്ടെ സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു താല്‍പര്യമത്രയും. 

'ഞാന്‍ വിരമിക്കുന്നില്ല'

അറുപതുകളിലെയും എഴുപതുകളിലെയും ഹിന്ദിപ്പാട്ടുകള്‍ക്കൊപ്പം മൊസാര്‍ട്ടും അന്റോണിയോ വുവാല്‍ഡിയും യച്ചൂരിയുടെ പാട്ടിഷ്ടങ്ങളില്‍ ഒരുപോലെ ഇടംപിടിച്ചു. കിട്ടിയ നേരങ്ങളിലല്ലാം പുസ്തകങ്ങള്‍ വായിച്ചു. ആരോഗ്യത്തിനുള്ള അവകാശം എല്ലാ ജനങ്ങള്‍ക്കുമുണ്ടാകണമെന്ന് ആഗ്രഹിച്ചു. എന്നെങ്കിലും അവസരം കിട്ടിയാല്‍ താന്‍ നടപ്പിലാക്കാന്‍ പോകുന്നത് ആരോഗ്യത്തിനുള്ള അവകാശം ജനങ്ങള്‍ക്ക് ഭരണഘടന ഉറപ്പുവരുത്തുന്ന ഒന്നാക്കി മാറ്റുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. അസാമാന്യ ധൈര്യശാലിയായിരുന്നു യച്ചൂരി. തനിച്ചാണെങ്കിലും താന്‍ അടിയുറച്ച് വിശ്വസിക്കുന്നതിനായി നിലകൊള്ളാനും പൊരുതി നോക്കാനും സദാ ധൈര്യപ്പെട്ടു. വെറുതേ വിശ്രമിക്കുക യച്ചൂരിക്കത്ര പഥ്യമുള്ള കാര്യമായിരുന്നില്ല. വിരമിച്ചാലെന്ത് ചെയ്യുമെന്ന് ഒരഭിമുഖത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍, 'ഞാന്‍ ഒരിക്കലും വിരമിക്കുന്നില്ലല്ലോ' എന്നായിരുന്നു യച്ചൂരിയുടെ മറുപടി. അതേ.. യച്ചൂരി അവിരാമം ജനഹൃദയങ്ങളില്‍ ഒഴുകട്ടെ, ചിന്തകളെ ദീപ്തമാക്കട്ടെ.

ENGLISH SUMMARY:

CPI(M) general secretary and former Rajya Sabha MP Sitaram Yechury passed away on Thursday after prolonged illness